ഒഴിയാബാധപോലെ
ഒരനുഷ്ഠാനം പോലെ
കൈമറഞ്ഞ ചോദ്യാവലി,
ഒരു കടമ പോലെ
ഒന്നും വിട്ടു കളയാതെ
ഞാനും ചോദിച്ചു
കുഞ്ഞ് ആണോ പെണ്ണോ?
സ്കൂളിൽ ചേർത്തോ?
സ്റ്റേറ്റോ സീബിയെസ്സിയോ?
(ഐസിയെസ്സിക്കുള്ള പാങ്ങില്ല)
എ പ്ലസ് എത്രയുണ്ട്?
എന്ട്രന്സ് എഴുതണില്ലേ?
എഞ്ചിനീയറൊ? ഡോക്ടറോ?
പാസ്സായില്ലേ? സപ്ലിയുണ്ടോ?
പ്ലേസ്മെന്റില്ലേ?
ജോലി കിട്ടിയോ?
പണി വല്ലതും കിട്ടുവോ?
ശമ്പളമെത്രേണ്ട്?
( ഈ മണ്ടനോ? കലികാലം!)
പെണ്ണ് കെട്ടുന്നില്ലേ?
എന്താ ഡിംഗോൾഫിയാണൊ?
നമ്മുടെ കൂട്ടരാ?
അവരെന്തു കൊടുക്കും?
( നിറം പോരാ, ഉയരവും
എത്ര കാലമോ എന്തോ?
ഓഹ്! വാട്ട സദ്യ)
ഹണിമൂണിന് പോയില്ലേ?
എങ്ങനെയുണ്ടായിരുന്നു?
വിശേഷമായില്ലേ?
വേണ്ടാന്ന് വെച്ചോ?
(വല്ല്യ ഫാമിലി പ്ലാനിംഗ്)
വീട് വയ്ക്കണ്ടേ?
കാറ് വാങ്ങണ്ടേ?
(ലോണെടുക്കണ്ടേ?
കടംകേറി മുടിയണ്ടേ?)
വേറെ ഇൻവെസ്റ്റ്മെന്റൊക്കെ?
ഗോൾഡോ? റിയൽ എസ്റ്റേറ്റോ?
( ഓ! ഷെയർ മാർക്കറ്റ്)
കുട്ടിയൊന്നിൽ നിർത്തിയോ?
ചെലവു കുറയ്ക്കാനാവും, അല്ലേ?
( മറ്റേ കൂട്ടര് ഓരോ ഗർഭത്തിനും
ഇൻഷുറൻസ് കൊടുക്കുമ്പോഴാ)
ഇപ്പോഴേ ഓടിത്തളർന്നോ?
ഷുഗറോ? കൊളസ്ട്രോളോ?
ഇത്ര വേഗം കിതച്ചോ?
അതൊക്കെ ഒരു അന്തസ്സല്ലേ?
റിട്ടയർമെന്റ് എന്നത്തേക്കാ?
വെറുതെയിരിപ്പായോ?
ബിസിനസ്സ് ചെയ്തൂടേ,
കാശിത്തിരി കൂടിയാൽ പുളിക്കോ?
എന്താ? എന്തു പറ്റി?
അമിതവണ്ണം, ശ്രദ്ധിക്കണ്ടേ?
ട്രാൻസ് ഫാറ്റ് ഒഴിവാക്കണ്ടേ?
യോഗ ചെയ്യാറില്ലേ?
( മലർന്നു കിടന്നു തുപ്പുമ്പോൾ
ഓർക്കായിരുന്നു)
കഷ്ടം! നല്ലൊരുത്തനായിരുന്നല്ലേ?
ഇനിയെങ്ങനെ കത്തിക്കയാണോ
അതോ മണ്ണിലിട്ട് മൂടുമോ?
(രണ്ട് വഴിക്കും നരകത്തിലിറങ്ങാം)
അപ്പൻ ചത്തു, മകനും ചത്തു
മറുപടി പറഞ്ഞത് പേരമകനാണ്
മറുപടിയല്ല, മറുചോദ്യം
“അറിഞ്ഞിട്ട് തനിക്കെന്തുവേണം”?
ധിക്കാരി!
ചോദ്യം ഉത്തരം മുട്ടി
എനിക്ക് ഉത്തരം കിട്ടിയതേയില്ല.