വളവളാന്ന് വർത്താനോം പറഞ്ഞ്
നാടൊട്ടുക്ക് തെണ്ടി നടക്കണ
വിലക്കൊന്നുമില്ലാത്ത അഴിഞ്ഞു
പോയൊരു പട്ടം കണക്കെ പ്രാഞ്ചി
മാനത്തൂന്ന് പൊട്ടി വീണതല്ല പ്രാഞ്ചി
മണ്ണിൽ മുളച്ചതുമല്ലെന്നുറപ്പാണ്.
തന്തയില്ല, തറവാടില്ല; ഈ വാഴ്വിൽ
തനിക്കാരുമില്ലെന്ന് ബോധ്യമുള്ളവൻ
ചിന്തകളൂതിപെരുപ്പിച്ച ഭാണ്ഡമില്ല
ഭാവിയുടെ ഭാരക്കെട്ടേതും മനസ്സിലില്ല
ചെത്തിയിറക്കിയ കള്ളുപോൽ ശുദ്ധം
മനുഷ്യനായ് പിറന്നവനാലഹരിയിൽ
കൊണ്ടാടി ജീവിതം.
ചാർപ്പയിൽ വെള്ളം തുള്ളുന്നമാതിരി
ഉന്മാദിയവൻ തന്റെ തേരിലേറി നീങ്ങി
മുൻവിധികളില്ലാതെ നീട്ടിയ കൈകളിൽ
മുത്തിയവരൊക്കയും പ്രാഞ്ചിയെ കണ്ടു.
തുരക്കുന്ന പാറയ്ക്കും,
നികത്തിയ നിലങ്ങൾക്കും,
മീതെയെറിഞ്ഞ പണത്തിനും
പ്രാഞ്ചി സാക്ഷി ; താഴെ
പറക്കുന്ന പരുന്തിനും,
കുരയ്ക്കുന്ന നായ്കൾക്കുമിര-
ക്കുന്ന മനുഷ്യനും
പ്രാഞ്ചി സാക്ഷി.
ശരികളിൽ തീർത്തൊരു ശില്പമല്ല
കഴിഞ്ഞ കാലവും കടന്നു പോയവരും
പകർന്ന കലർപ്പിന്റെ നാളമണയ്ക്കാൻ
വഴികൾ തേടുന്നൊരു കാറ്റാണവൻ
പ്രാഞ്ചിയിൽ വിശപ്പുണ്ട് ദാഹമുണ്ട്
സ്നേഹത്തിന്റെ സുവിശേഷമുണ്ട്
ഭ്രാന്തനെന്നൊരു പേരുണ്ട്; നാട്ടിലെ
നല്ലവർ കാതുചൊല്ലി വിളിച്ചതിനാലെ
ഒരിക്കലേതോ മരച്ചോട്ടിലാരോ
കളഞ്ഞിട്ടൊരേതോ പഴം കഴിച്ച്
തന്നോടു താനാരെന്ന് തേടിയാ-
വർത്തിച്ചു താനെന്തെന്ന് നേടി
പ്രാഞ്ചി, ശരിക്കും ഭ്രാന്തനായി.
ചുറ്റിലും കൂനി നടക്കുന്ന ജന്തുക്കളിൽ
തണ്ടെല്ല് വളയാത്ത ഹീറോയായവൻ,
ചുഴറ്റുമാ നാവിന്റെ ചാട്ടുളിയാലെ
തല്ലുമാതമ്മിലിണങ്ങാത്ത കൂട്ടരെ.
ഭ്രാന്തിനു മാറ്റേറിയ വേളയിലണികൾ
കൂടി പ്രാഞ്ചിക്കൊപ്പം; കവലയിൽ
പ്രജ്ഞതൻ തിണ്ണയിലായിരം ചിഹ്ന-
ങ്ങളേന്തിയവരനുഗമിച്ചെങ്കിലും
ദക്ഷിണ വച്ചവരെയാട്ടിപ്പായിച്ചു
സംഘടിച്ചവരിൽ നിന്നും വിഘടിച്ചു
പ്രതിഷ്ഠിക്കാൻ തുനിഞ്ഞവരെ പ്രാകിത്തൊഴിച്ചു;
പ്രാഞ്ചി പ്രാഞ്ചിയിൽ തന്നെയുറച്ചു.
മണ്ണിനു വേണ്ടി കഥകളെഴുതിയുറക്കെ
മക്കൾക്കു വേണ്ടി കവിതയും ചൊല്ലി
കണക്കുവെയ്ക്കാത്തയീ പകിടയിൽ
കരുതന്നെ കരുവിന് മാർഗ്ഗദർശിപോലെ
കണ്ണുള്ളവരതടച്ചിരുന്നാലും; കേട്ട-
വരെത്രയില്ലെന്നു നടിച്ചാലും, വില്ലന്മാർക്ക്
ഉള്ളിന്റെയുള്ളിലൊരു നീറ്റലുണ്ടാകും
കൊള്ളുന്ന വാക്കിൻ മുള്ളിന്റെ മൂർച്ചയിൽ
പുലമ്പുമാനേരിന്റെ പുലഭ്യങ്ങളത്രയും
ആഴ്ന്നിറങ്ങി നീരസം കൊണ്ടവർ
പുലരുമത്യുത്തമമൊരവസരം പാർത്തു,
താഴിടാൻ ; പ്രാഞ്ചിയെ വിശുദ്ധനാക്കാൻ
ആരാധനയുടെ കുന്തമുനകളേന്തി
നെടുലാനോളിയിട്ടു വെളുപ്പിച്ച രാവതിൽ
ചില്ലുകൂടുകളുമായി തിരയുന്ന നാട്ടീന്നു
പ്രാണരക്ഷാർത്ഥം പ്രാഞ്ചിയോടിയൊളിച്ചു
ആരൊക്കെയോ ചേർന്നാർക്കോവേണ്ടി
പ്രാഞ്ചിയുടെ പേരിൽ വചനങ്ങളെഴുതി
കാതലില്ലാത്ത ദർശനങ്ങളെ കാലം
വെയിലായി മഴയായി നട്ടുവളർത്തി
അതുമേറ്റി നടന്നു കിടാങ്ങളുമവരുടെ
തലമുറകളും പിന്നെയേറെ ദേവന്മാരും
ദേവികളുമീ നാട്ടിൽ, കിങ്കരന്മാരു-
മായിരമായിരം പിറന്നു, പിറക്കുന്നു വീണ്ടും.
ക്വാറികളെത്ര തുറന്നെന്നോ?
ഉരുളെത്ര പൊട്ടിയൊലിച്ചെന്നോ?
മലക്കമീ മനുഷ്യരെത്ര മറഞ്ഞെന്നോ?
കണക്കില്ലയൊന്നിനും, കാലത്തിനും
ബുദ്ധിരാക്ഷസന്മാരാവർത്തിച്ചെഴുതും
പ്രപഞ്ചചരിത്രം നോക്കിയിരിക്കും
പുതുപുത്തൻ ചില്ലുകൂടിനുള്ളിൽ
പ്രാഞ്ചിപ്രതിമകൾ നോക്കുകുത്തികളായ്.
ഭ്രാന്ത് മൂക്കുമ്പോളിടയ്ക്ക്
പ്രാഞ്ചിയുണരും,
തെളിഞ്ഞ ദീപങ്ങളൂതിക്കെടുത്തും
കുമ്പിട്ട് വണങ്ങുന്ന പ്രാഞ്ചികളെ നോക്കി
മനസ്സിരുത്തിയൊന്നാക്കി ചിരിക്കും,
സ്വയം പഴിക്കും.