മാറ്റം

ഒപ്പം വളർന്നവരും
വളർത്തിയവരും
കാലത്തിന്റെ മാറ്റ-
ച്ചുഴിയിൽപ്പെട്ടുഴറി
കടൽദൂരമെത്ര
കടന്നുപോയി.

ഇക്കഴിഞ്ഞ
നിമിഷം വരെയും
അവർക്കായുള്ള
തിരച്ചിലായിരുന്നു.
ഇപ്പോഴിതാ
കണ്ടെത്തിയപ്പോ-
ളതു വേണ്ടീല്ലയെന്ന
തോന്നലും.

പൊയ്മുഖങ്ങളിൽ
പച്ചയണിഞ്ഞ
നടനത്തികവിന്റെ-
യാട്ടം മുഴുക്കനെ
യച്ചടക്കത്തോടെ
കണ്ടിരുന്നു  ഞാൻ.

പൊയ് വാക്കുകളിൽ
ഈണം നിറഞ്ഞ
നുണപ്പാട്ടെല്ലാ-
മതിശയമോടെ പല-
യാവർത്തി
കേട്ടിരുന്നു  ഞാൻ.

എന്നെപ്പൊട്ടനാക്കി-
യൊഴിവാക്കാനായ
സന്തോഷത്തിന്റെ
അത്താഴവിരുന്നിൽ
കൂട്ടത്തിലൊറ്റപ്പെട്ട
ങ്ങനെ ഞാനും.

വിഡ്ഢികൾ വിശ്വജ്ഞാ-
നികൾ ചമഞ്ഞ്
വീണ്ടും സ്വയം
വിഡ്ഢികളാകുന്ന
കാഴ്ച കണ്ടു കൊണ്ട്
ഉണ്ണാൻ കഴിയുന്ന-
തെന്തു പുണ്യം!

തീറ്റ കഴിഞ്ഞ
ആർത്തിപ്പണ്ഡാരങ്ങൾ
കൂർക്കം വലിക്കുന്നു
ഉറക്കം പോയതെ-
നിക്കു മാത്രമല്ലേ?

അന്നത്തെ മാറ്റച്ചുഴി-
യിൽ നിന്നുമോടി-
യൊളിച്ചതെന്റെ പിഴ
യെന്ന തോന്നലൊരു
കണ്ണിലും,

അനിവാര്യമാണൊരു
മാറ്റമീയസത്തുക്കളി-
ൽ നിന്നുമകലെയെന്ന
തോന്നൽ മറുകണ്ണിലും
മിഴിച്ചു നിന്നു.

പെറ്റതുകൊണ്ട് മാത്ര-
മൊരു തള്ളയും
അമ്മയാകുന്നില്ലല്ലോ?
ഒറ്റവയറ്റിലെ വാസം
കാലം മുഴുക്കെ
കൂട്ടിന് കൂടപ്പിറപ്പു-
കളുണ്ടാകുമെന്ന-
യുറപ്പുമല്ലല്ലോ?

മനസ്സല്ലേ
മായക്കുതിര പോൽ
മനുഷ്യ ബന്ധങ്ങളെ
പന്താടുന്നു,

മനസ്സിലല്ലേ
കൂട്ടമുണ്ടാക്കലു-
മൊറ്റപ്പെടുത്തലും
തട്ടിയെടുക്കലും
വിട്ടുകൊടുക്കലും
നൂറുനൂറായിരം
രഹസ്യങ്ങളും
പിന്നെയൊടുക്ക-
മൊരു ചുരുളഴിയലും.

ഒരു മാറ്റത്തിന്
ഞാനുമൊരുങ്ങുന്നു
ബന്ധങ്ങൾ ബന്ധനങ്ങളാകു-
മ്പോൾ വിട്ടൊഴിയുന്നതാണ്
നല്ലതെന്ന പാഠമുൾക്കൊള്ളാൻ
പാകപ്പെടുകയാണ്
മനസ്സിപ്പോൾ.

ആ മഹാൻ*
പറഞ്ഞതുപോലെ
നിറയെ സ്നേഹമുള്ളൊരിടം,
അവിടെ
വളരെ വിശ്വാസമുള്ള
വളരെ കുറച്ചുപേരും
സ്വസ്ഥമായ ജീവിതവും.

അങ്ങനെയൊരു
ഇട്ടാവട്ടം തേടിയാണ്
ഇനിയുള്ള സഞ്ചാരം.
ഇത്രകോടി ജീവനുള്ള
ഇഹലോകത്ത്
ഞാൻ നിനയ്ക്കാതെ
ഞാൻ ഒറ്റക്കാവില്ലെന്ന
തോന്നലാണ്,
ആകെ കൈമുതൽ. 

*ഷേക്സ്പിയര്‍

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s