ആനന്ദനഗരിയില്‍

നല്ല സിനിമകൾ തിരഞ്ഞുപിടിച്ച് കാണുന്ന ശീലം കോളേജ് കാലഘട്ടത്തിലെപ്പോഴോ തുടങ്ങിയതാണ്.  സിനിമാപ്രാന്തിന് മാറ്റു  കൂട്ടുന്ന സൗഹൃദങ്ങളായിരുന്നു  അതിനുള്ള പ്രധാന പ്രചോദനം. സിനിമാസ്വാദനവും ചർച്ചകളുമൊക്കെ ആവേശമായിരുന്ന ആ ദിവസങ്ങളിലാണ് ഞാൻ കഹാനി (2012) എന്ന സുജോയ് ഘോഷിന്റെ സിനിമ കാണുന്നത്. തിരക്കഥ മെനഞ്ഞെടുത്തിരിക്കുന്ന മിടുക്ക് കൊണ്ടും അതിന്റെ ട്രീറ്റ്മെന്റിലെ കൈയ്യടക്കം കൊണ്ടും ഇന്നും പ്രിയപ്പെട്ട ചലച്ചിത്രങ്ങളിൽ ഒന്നാണ് കഹാനി. വിദ്യാ ബാലനും, പരംബ്രതോയും, നവാസുദ്ദീനുമൊക്കെ അസാധ്യ പ്രകടനം കാഴ്ച വയ്ക്കുന്നെങ്കിലും എന്നിലെ പ്രേക്ഷകനെ ഏറ്റവും അത്ഭുതപ്പെടുത്തിയത് കൊൽക്കത്ത എന്ന നഗരം ഒരുക്കുന്ന കഥാപശ്ചാത്തലമായിരുന്നു. അല്ല കൊൽക്കത്ത എന്ന അഭിനേത്രി എന്ന് പറയുന്നതാകും കൂടുതൽ ഉചിതം.

മുൻപ് പലപ്പോഴായി പാഠപുസ്തകങ്ങളിലും പത്രത്തില്‍ ബംഗാളി സിനിമയെപ്പറ്റി വരുന്ന ആർട്ടിക്കിളുകളിലും നിന്നുമൊക്കെ കൊൽക്കത്ത എന്ന നഗരം എന്റെ ചിന്തകളിലൂടെ കടന്നുപോയിട്ടുണ്ട്. എന്നാൽ ആ ചിന്തകൾക്ക് ഛായം നൽകി ആകർഷകമാക്കിയത് കഹാനിയിലെ നടിപ്പ് തന്നെയെന്ന് നിസ്സംശയം പറയാം. ആ നഗരം പശ്ചാത്തലമായ നിരവധി സിനിമകൾ പിന്നീട് കാണുവാൻ അവസരമുണ്ടായി. അതിൽ ചിലതൊക്കെ വീണ്ടും ഞങ്ങളെ തമ്മില്‍ അടുപ്പിച്ചു. അങ്ങനെ എന്നെങ്കിലും ഒരിക്കൽ കൊൽക്കത്തയിലേക്ക് പോകണമെന്ന ആഗ്രഹം ഞാൻ മനസ്സിൽ കുറിച്ചിട്ടിരുന്നു. 

യാത്ര ചെയ്യുന്നതിന്റെ രസച്ചരട് നെയ്ത് കിട്ടിയത്  2018ൽ  റായ്പൂരിൽ പി.ജിക്ക് ചേർന്ന സമയങ്ങളിലായിരുന്നു. സിനിമാസ്വാദനം തകൃതിയായി തുടരുന്നു. ഇൻഡിപെൻഡന്റ് സിനിമകളിലേക്ക് കാഴ്ചയുടെ വാതായനങ്ങൾ തുറക്കപ്പെടുന്നു. അങ്ങനെയിരിക്കെ ബംഗാളി സിനിമയായ മാച്ച്, മിഷ്ടി & മോർ (2013) കാണാനിടവന്നു. കൊൽക്കത്തയോട് നന്ദി പറഞ്ഞു അവസാനിപ്പിക്കുന്ന സിനിമ, എന്റെയുള്ളിൽ വീണ്ടും ആ നഗര കാഴ്ചകൾക്ക് അരങ്ങൊരുക്കി. ‘ഇപ്പോൾ പോയില്ലെങ്കിൽ ഇനിയെപ്പോഴാണ്? ഞാൻ എന്നോട് തന്നെ വീണ്ടും വീണ്ടും ചോദിച്ചു.

റായ്പൂരിൽ വച്ച് കൂടെ താമസിക്കുന്ന കൂട്ടുകാരോട് ഈ ഒരു കാര്യം പറഞ്ഞപ്പോൾ ഭൂരിഭാഗത്തിനും താല്പര്യമുണ്ട്. ഒറീസയിലേക്കും ഷിംലയിലേക്കുമെല്ലാം ഞങ്ങളൊരുമിച്ച് കഴിഞ്ഞ തവണ നടത്തിയിരുന്ന യാത്രകളുടെ രസകരമായ ഓർമ്മകൾ, പുതിയ യാത്രകൾക്കായി പകരുന്ന പ്രചോദനം ഒട്ടും ചെറുതല്ല. എന്നാൽ ആരംഭത്തിൽ കൊൽക്കത്ത യാത്രയ്ക്കായുള്ള ചർച്ചകൾ തകൃതിയായി നടന്നെങ്കിലും പിന്നീട് ഓരോരുത്തരും ഓരോരോ അസൗകര്യം പറഞ്ഞു പിൻവലിഞ്ഞു. അങ്ങനെ ആദ്യത്തെ ശ്രമം തന്നെ തകർന്നടിഞ്ഞു.

2019 മേയ് മാസത്തിലാണ് രണ്ടാമതൊരവസരം വരുന്നത്. വേനലവധിക്ക് ഞാനും നാസിലും ഒഴികെ എല്ലാവരും നാട്ടിലേക്ക് തിരിച്ചു. റായ്പൂരിലെ പൊള്ളുന്ന ചൂടിൽ നിന്നും ഒന്ന് രണ്ട് ദിവസമെങ്കിലും മാറി നിൽക്കാമെന്ന ചിന്തയാണ് കൊൽക്കത്ത നഗരത്തെ വീണ്ടും ഓർമ്മകളിൽ നിന്നും പൊടിതട്ടി ( റായ്പൂരിലെ) യെടുപ്പിച്ചത്. വാർത്തകളിൽ അവിടെ ചെറിയ മഴയൊക്കെയുണ്ടെന്ന് കണ്ടത് ഞങ്ങൾക്ക് ആശ്വാസവുമായി. പക്ഷേ ഞങ്ങൾ യാത്രയ്ക്കായി തിരഞ്ഞെടുത്ത ദിവസമടുക്കെ ഈ കുളിർമഴ പേമാരിയായി പരിണമിച്ചു, ഒപ്പം ഫനി ചുഴലിക്കാറ്റും. പോരെ പൂരം. രണ്ടാമത്തെ അവസരവും തഥൈവയായി.

ഒന്നിൽ പിഴച്ചാൽ മൂന്നിലെന്നാണ് കണക്ക്. ആ കണക്ക് സത്യമാവട്ടെ. അതേ വർഷം ക്രിസ്തുമസ് അവധിക്കാലത്ത് കൊൽക്കത്തയിൽ പോകാൻ വേണ്ടി  ഞാനും നാസിലും  നാട്ടിൽ പോകാതെ റായ്പൂരിൽ തന്നെ തമ്പടിച്ചു. അവിടെ നിന്നൊരു മാറ്റം അനിവാര്യമാക്കുന്ന ചില സംഭവവികാസങ്ങളും ആയിടയ്ക്കുണ്ടായി. ധീരജിനോട് ( സുഹൃത്ത്) പറഞ്ഞ് ക്രിസ്തുമസിന്റെ തൊട്ട് മുമ്പുള്ള വെള്ളിയാഴ്ച രാത്രി ഹൗറ എക്സ്പ്രസിന് രണ്ട് ടിക്കറ്റ് ബുക്ക് ചെയ്യിപ്പിച്ചു.

ഞങ്ങളുടെ ഈ ആലോചനകളുടെയും തയ്യാറെടുപ്പിന്റെയും സമയത്തെല്ലാം രാജ്യ തലസ്ഥാനമായ ദില്ലിയിലും അസമിലും പൗരത്വ ബില്ലിനെ ചൊല്ലിയുള്ള പ്രതിഷേധങ്ങൾ ശക്തമായി അരങ്ങേറുന്നുണ്ട്. വലിയ തോതിലുള്ള അറസ്റ്റുകൾ പ്രക്ഷോഭത്തെ  കൊൽക്കത്ത പോലുള്ള രാജ്യത്തിന്റെ മറ്റു പ്രധാന നഗരങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിന് കാരണമായി. ഇതോടെ യാത്ര വേണ്ടെന്ന് വയ്ക്കാനുള്ള ആജ്ഞകളും അഭിപ്രായങ്ങളും അപേക്ഷകളും ഞങ്ങളുടെ മാതാപിതാക്കളിൽ നിന്നും വളരെയടുത്ത സുഹൃത്തുക്കളിൽ നിന്നുമെത്താൻ തുടങ്ങി. എന്നാൽ അവയെല്ലാം അപ്പാടെ അവഗണിച്ചു കൊണ്ട് യാത്രയുമായി മുന്നോട്ട് പോകാൻ തന്നെ ഞാനും നാസിലും തീരുമാനിച്ചു. മാത്രമല്ല കൊൽക്കത്തയിലെ പ്രതിഷേധങ്ങൾ ജാദവ്പൂർ സർവ്വകലാശാലയിലേക്ക് മാത്രമായ് ചുരുങ്ങുന്ന തരത്തിലുള്ള വാർത്തകൾ വന്നിരുന്നത് ഞങ്ങൾക്ക് ധൈര്യമായി.

അങ്ങനെ റായ്പൂർ റെയിൽവേ സ്റ്റേഷനിൽ ക്രിസ്തുമസിന് മുൻപുള്ള വെള്ളിയാഴ്ച രാത്രി ഹൗറ എക്സ്പ്രസും കാത്ത് ഞങ്ങളിരിപ്പായി. ഇന്ത്യൻ റെയിൽവേ പതിവ് തെറ്റിച്ചില്ല. ട്രെയിൻ വൈകുമെന്ന് അറിയിപ്പുണ്ടായി. ആ കാത്തിരിപ്പിനിടയിൽ പല ചിന്തകളും കടന്നു പോയി. എടുത്തു ചാട്ടമായോ? കൊൽക്കത്തയിൽ പ്രശ്നങ്ങൾ ഉണ്ടാകുമോയെന്നൊക്കെ തരത്തിലുള്ള സംശയങ്ങൾ. ഇവിടെ ഇപ്പോൾ നിൽക്കുന്നതിലും നല്ലത് ഒരു യാത്ര പോകുന്നത് തന്നെയാണ്. കൊൽക്കത്തയല്ലാതെ മറ്റൊരിടം ഞങ്ങൾ ചിന്തിച്ചത് പോലുമില്ല. നാസിലിനും സമാനമായ ചിന്തകളുണ്ടായിരുന്നിരിക്കണം. പക്ഷേ ഞങ്ങളതൊന്നും വാക്കുകളാക്കി വഷളാക്കിയില്ല. അധികം കാടുകയറാനനുവദിക്കാതെ തന്നെ ചിന്തകളെ ട്രാക്കിൽ നിന്നും തട്ടിതെറിപ്പിച്ചു ട്രെയിനെത്തി. അകത്തു കയറി ബുക്ക് ചെയ്ത ബർത്ത് കണ്ടു പിടിച്ചു. ബാഗുള്ളതൊരെണ്ണം തലയ്ക്കൽ വച്ച് ഒരു ഗുഡ് നൈറ്റ് പാസാക്കി ഞാനും നാസിലും നടുവിലെയും മുകളിലെയും ബർത്തിലായി കിടന്നു.

ഗംഭീര തയ്യാറെടുപ്പുകളുടെ പരാജയ ചരിത്രത്തിൽ നിന്നും പാഠമുൾക്കൊണ്ട് വലിയ പ്ലാനിങ്ങൊന്നുമില്ലാതെയാണ് ഈ യാത്ര പോകുന്നത്. ബഡ്ജറ്റ് ട്രാവലിങ് ( അരിഷ്ടിച്ചാണ് പോകുന്നത്). ഹൗറയിലിറങ്ങി എങ്ങോട്ടു പോകണമെന്നോ, എവിടെ തങ്ങണമെന്നോ എന്തൊക്കെ കാണണമെന്നോ തീരുമാനിച്ചിട്ടില്ല. എല്ലാം അവിടെ ചെന്നിട്ട് കണ്ടെത്തണം. കഴിയുന്നിടത്തോളം കാഴ്ചകളൊക്കെ നടന്നു തന്നെ കാണണം. സ്കൂൾ എസ്കർഷന്റെയും, കുടുംബ യാത്രകളുടെയും മടുപ്പിക്കുന്ന സമയനിബന്ധനകളുടെ ചട്ടക്കൂടൊന്നുമില്ല. ഒരിടം കൂടുതൽ കണ്ട് മറ്റൊന്ന് കാണാതെ പോകേണ്ടി വന്നാൽ സാരമില്ല താനും.  അല്ലെങ്കിലും ഒന്നര ദിവസം കൊണ്ട് കൊൽക്കത്ത നഗരം മുഴുവൻ നടന്നുകാണാമെന്ന അതിമോഹമൊന്നും ഞങ്ങൾക്കില്ല.

രാത്രിയിൽ യാത്രക്കാർക്കൊപ്പം ട്രെയിനും ഉറക്കം പിടിച്ചിട്ടുണ്ട്. ഒന്ന് രണ്ടു മണിക്കൂർ വൈകിയാണ് ഓടുന്നത്. തൊട്ട് താഴെയുള്ള ബർത്തിൽ ഒരു അപ്പൂപ്പനാണ്. അദ്ദേഹത്തെ കണ്ടപ്പോൾ തന്നെ സേട്ടായിരിക്കുമെന്ന് ഞാൻ മനസ്സിൽ ഊഹിച്ചു. വേഷവിധാനം അത്തരത്തിലാണ്. കൊണ്ട് പിടിച്ചു പത്രം വായിക്കുകയാണദ്ദേഹം.  ഒരു ചായ കുടിച്ചു അല്പനേരം വാതിൽക്കൽ നിന്നു കാഴ്ചകൾ കണ്ട് ഞാൻ തിരിച്ചു വന്നപ്പോഴേക്കും നാസിലുണർന്നിരുന്നു. അപ്പൂപ്പന്റെ പത്രം വായനയും തീർന്നു. അപ്പൂപ്പൻ സ്വയം പരിചയപ്പെടുത്തി. ജാവേദ് ഖേഡാവാല. വസ്ത്രവ്യാപാരി. കൊൽക്കത്തയ്ക്കപ്പുറം ഹാൽഡിയയിലാണ് താമസം. വ്യാപാരാവശ്യങ്ങൾക്കായി അഹമ്മദാബാദിൽ പോയി വരുന്നു. എന്റെ ഹിന്ദി ഭാഷയിലുള്ള പാണ്ഡിത്യം മൂലം ആദ്യ പത്ത് മിനുട്ടിൽ തന്നെ നാസിലിന് അവസരം കൊടുത്തു അപ്പൂപ്പനായുള്ള സംസാരത്തിൽ നിന്നും ഞാൻ ഒഴിഞ്ഞു. പിന്നെ ഇടയ്ക്കിടെ ചിരിയും തലയാട്ടും മൂളലുമൊക്കെ പ്രത്യേക അളവിൽ ചേർത്തുണ്ടാക്കിയ ഭാഷകൊണ്ട് അതിൽ പങ്കെടുക്കുന്ന പോലെ വരുത്തി. സംസാരപ്രിയനായ അദ്ദേഹം നാസിലിനെ ചെറുങ്ങനെ മുഷിപ്പിക്കുന്നുണ്ടെന്ന് അവന്റെ മുഖത്ത് നിന്നും വായിച്ചെടുക്കാം. ചെറിയ ചെറിയ സ്റ്റേഷനിൽ നിന്നും കയറി ഇറങ്ങുന്നവരോടും പുള്ളി കാര്യമായി എന്തൊക്കെയോ സംസാരിക്കുന്നുണ്ട്, ചിലപ്പോൾ അവരുടെ കാര്യങ്ങളിൽ ഒരു കാര്യവുമില്ലാതെ ഇടപെടുന്നതും കണ്ടു. ഇടയ്ക്ക് ട്രെയിനിൽ കയറിയ കുറച്ചു ഹിജഡകളോട് ഞങ്ങൾ വിദ്യാർത്ഥികളാണെന്ന് വാദിച്ചു പൈസ കൊടുക്കാതെ തന്നെ ആശിർവാദം വാങ്ങി തന്നതും പുള്ളിയുടെ ഈ സ്വഭാവം തന്നെയായിരുന്നു. 

  ഒരു രണ്ടു രണ്ടര മണിയോടെ ഹൗറ സ്റ്റേഷനിലേക്ക് ട്രെയിൻ അടുത്തു.  ട്രാക്കുകളിൽ നിർത്തിയിട്ടിരിക്കുന്ന ചില ട്രെയിനുകളുടെ ജനൽ പാളികൾ തകർന്നു കിടക്കുന്നതു കണ്ടതും നാസിലും ഞാനും സ്വല്പം അസ്വസ്ഥരായി. അല്പം മുമ്പ് ഇവിടുത്തെ സാഹചര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ പേടിക്കാനൊന്നും തന്നെയില്ലെന്ന് പറഞ്ഞ സേഠപ്പൂപ്പൻ പുതിയതായി വാക്കിട്ടു പിടിച്ച ഒരു യാത്രക്കാരനോടെന്തോ തിരക്കിട്ട് ചർച്ച ചെയ്യുകയാണ്.

ഹൗറ ടെർമിനലിൽ നിന്നും പുറത്തു കടന്ന ഞങ്ങൾ അല്പനേരം കോട്ട സമാനമായ അതിന്റെ മുൻവശത്തെ കെട്ടിടം നോക്കി നിന്നു. ശേഷം റോഡിലൂടെ വരിവരിയായി ഉരുളുന്ന വംഗ സുന്ദരികളായ മഞ്ഞടാക്സികളെ കടന്ന് നിരത്തിലെ ചെറു കടകളുടെയടുത്തേക്ക് നടന്നു. നിരത്തിനു പിന്നിൽ ഹൗറയേയും കൊൽക്കത്തയേയും വേർതിരിച്ചൊഴുകുന്ന ഹൂഗ്ലി നദി കാണാം. നട്ടുച്ചയെങ്കിലും ഡിസംബറിന്റെ തണുപ്പ് അന്തരീക്ഷത്തിൽ നല്ല പോലെ പ്രകടമാണ്. അപ്പൂപ്പൻ പറഞ്ഞതു പോലെ തന്നെ വലിയ തട്ടും കേടുകളൊന്നും കാണുന്നില്ല. സാധാരണ ഗതിയിൽ ജനജീവിതം താളം ചവിട്ടുന്നുണ്ട്.  നിരത്തിലെ കടയൊന്നിൽ നിന്നും ഓരോ ചായയും വാങ്ങി ഞങ്ങൾ നദിക്കു കുറുകെ നടത്തുന്ന ഫെറി സർവ്വീസിലേക്ക് നീളുന്ന പാലത്തിന്റെ അറ്റത്തേക്ക് ചെന്നു. അവിടെ നിന്ന് എല്ലാവരെയും കൊൽക്കത്തയിലേക്ക്  സ്വാഗതം ചെയ്തു കൊണ്ട് നിൽക്കുന്ന ഹൗറ പാലത്തിന്റെ പ്രൗഢഗംഭീരമായ കാഴ്ച കാണാം. ഇപ്പോൾ പാലം നടന്നു കൊൽക്കത്തയിലേക്ക് കടക്കാമെന്നും തിരിച്ചു വരുമ്പോൾ നദിയിലൂടെ ബോട്ടുമാർഗ്ഗം മതിയെന്നുള്ള തീരുമാനത്തിൽ ഞങ്ങൾ ചായ കുടിച്ചു തീർത്ത് പാലം ലക്ഷ്യമാക്കി നടന്നു. 

ഹൌറാ പാലം

1843ൽ സഞ്ചാരയോഗ്യമായ ഹൗറ പാലം ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ കാന്റിലിവർ പാലങ്ങളിലൊന്നാണ്. ഹൗറയേയും കൊൽക്കത്തയേയും ബന്ധിപ്പിക്കുന്ന ഈ പാലത്തിലൂടെ ദിനംപ്രതി ഒരുലക്ഷത്തോളം വാഹനങ്ങളും ഒന്നരലക്ഷത്തോളം കാൽനടക്കാരും കടന്നു പോകുന്നുണ്ടെന്നാണ് ഒരു ഏകദേശ കണക്ക്. ആ തിരക്കും പഴക്കവും കൊണ്ടായിരിക്കാം നടത്തം പാലത്തിന്റെ നടുക്കെത്തുമ്പോൾ സാമാന്യം ഭേദപ്പെട്ട രീതിയിൽ കമ്പനമുളവാകുന്നത്. പാലം കൊൽക്കത്തയോട് ചേരുന്നിടത്ത് വഴി രണ്ടായി പിരിയുന്നുണ്ട്. സ്വാഭാവികമായും ഏതു വഴിയെ തുടരണമെന്ന ആശങ്കയുണ്ടായി. ഭൂരിഭാഗം വാഹനങ്ങളും തിരിയുന്നത് വലത്തോട്ടാണ്. ആ വഴി തന്നെയാണ് പാലത്തിന്റെ തുടർച്ച.  മറിച്ച് നേരേ കാണുന്നത് വലിയൊരു മാർക്കറ്റും. അതെ മാർക്കറ്റ്. ഒരു നഗരത്തിലെ സാധാരണ ജീവിതങ്ങൾ അറിയാൻ കഴിയുക ഇത്തരം മാർക്കറ്റുകളിലാണെന്ന് സന്തോഷേട്ടൻ ( സന്തോഷ് ജോർജ് കുളങ്ങര)  സഫാരിയിൽ പറഞ്ഞിരിക്കുന്നത് ഓർത്തു( സത്യമായിട്ടും! മൂപ്പര് പറഞ്ഞതു കൊണ്ട് ഓർത്തൂന്ന് മാത്രം). ഞങ്ങൾ രണ്ടു പേരും മാർക്കറ്റിന്റെ അകത്തേക്ക് കയറി. മൊത്ത വ്യാപാരങ്ങളുടെ ഗോഡൗണുകൾ മുതൽ ചെറുകിട കടകൾ വരെയല്ലാമുണ്ട്. കട മുതലാളിമാർ, കണക്കപിള്ളകൾ, ചുമടെടുക്കുന്നവർ, റിക്ഷ വലിക്കുന്നവർ, ലോറി ഡ്രൈവർമാർ, ഓരങ്ങളിൽ ചായ വിൽക്കുന്നവർ, സാധനങ്ങൾ വാങ്ങാനെത്തിവർ അങ്ങനെ ഒരുപാട് മനുഷ്യർ. പലതരം ജീവിതങ്ങൾ. ഇതെല്ലാം കണ്ടും അറിഞ്ഞും മാർക്കറ്റിലൂടെ കറങ്ങി തിരിഞ്ഞ് അപ്പുറമെത്തിയപ്പോൾ ഇനിയെങ്ങോട്ട് പോകണമെന്നായി ചിന്ത. ‘കുമർതുലി’ എന്നൊരു സ്ഥലമുണ്ട്. ശില്പങ്ങളൊക്കെ ഉണ്ടാക്കി വിൽക്കുന്നയിടം. ഇന്റർനെറ്റിൽ വായിച്ചറിഞ്ഞതാണ്. കൊൽക്കത്തയുടെ സ്വന്തം പോട്ടേർസ് കോളനി.

  വൈകുന്നേരത്തിന്റെ തിരക്ക് എല്ലായിടത്തും കാണുന്നുണ്ടെങ്കിലും വഴി ചോദിക്കാൻ അല്പം പ്രയാസപ്പെട്ടു. കുറച്ചു പേർ സഹായിക്കാൻ ശ്രമിച്ചെങ്കിലും ഒടുവിൽ കൃത്യമായി വഴിയറിയില്ലെന്നു തുറന്നു പറഞ്ഞു. അറിയുന്നവർക്കാണെങ്കിൽ ബംഗാളി ഭാഷയിലേ പറയാനറിയൂ. ആകെ കുഴഞ്ഞു. ഗൂഗിൾ മാപ്പ് എന്ന വഴികാട്ടിയെ ഞങ്ങൾ ഓർക്കുന്നതപ്പോഴാണ്. ഫോണെടുത്ത് മൊബൈൽ ഡാറ്റ ഓണാക്കുന്നു. ഇനിയൊരുത്തന്റെയും ഔദാര്യം വേണ്ട. മാപ്പ് വഴികാണിച്ചിടത്തേക്ക് ഞങ്ങൾ നടന്നു. നടക്കാമെന്നു കരുതുമ്പോൾ നടത്തി തരാമെടാ എന്ന മട്ടിലാണ് മാപ്പ്. രാവിലെ മുതൽ ചായ കുടിച്ചാണ് രണ്ടു ജീവനുകളും ഓടുന്നത്.  അത് കൊണ്ട് തന്നെ നല്ല വിശപ്പുണ്ട്. 

കാലപ്പഴക്കം കൊണ്ട് ക്ലാവ് പിടിച്ച, ആൾതാമസമുണ്ടെന്ന് തോന്നിപ്പിക്കുന്ന  അപ്പാർട്ട്മെന്റുകൾ നിറഞ്ഞ ഒരു നിരത്തിലൂടെ മാപ്പിനെ അനുഗമിക്കുമ്പോൾ വഴിക്കപ്പുറം കണ്ട ഭക്ഷണ ശാലകളൊക്കെയും അടഞ്ഞു കിടക്കുന്നത് കണ്ടു. ചിലതൊക്കെ പാതി ഷട്ടറുമിട്ട് രാത്രി കച്ചവടത്തിനായുള്ള മുന്നൊരുക്കങ്ങളുടെ തിരക്കിലാണ്. ഈ വിശപ്പുമാറ്റാനുള്ള നടത്തത്തിനിടയിൽ തെല്ലാരാശ്വാസത്തിന്  പിന്നെയും ഒരു ചായക്കടക്കുമുന്നിൽ ബ്രേക്കിട്ടു നിന്നു. കടക്കാരന് ഹിന്ദി വശമുണ്ടെന്ന് മനസ്സിലാക്കിയ നാസിൽ, അടുത്ത് ഊണ് കിട്ടുന്ന കടകളുണ്ടോയെന്ന് തിരക്കി. ചായ കുടിക്കുന്ന ഈ നേരത്ത് എവിടെയും ഊണ് കിട്ടാൻ സാധ്യതയില്ലെന്നായിരുന്നു മറുപടി. കുറച്ചപ്പുറം മാറി സിഗ്നൽ ജംങ്ഷനിൽ കഫേകളും മറ്റും തുറന്നിരിക്കാമെന്ന് പറഞ്ഞ് വഴി കാണിച്ചു. അങ്ങനെ കണ്ടെത്തിയ അലൻസ് കഫേയിൽ നിന്നും ഈരണ്ടു സാൻവിച്ച് അകത്താക്കിയപ്പഴാണ് ഇത്തിരി ആശ്വാസം കിട്ടിയത്. ഇത്ര നീണ്ട നടത്തം വലിയ ശീലമില്ലാത്തതിനാൽ ഞങ്ങൾ രണ്ടു പേർക്കും പതിയെ കാല് കഴച്ചു തുടങ്ങിയിരുന്നു. പരിസരത്തെവിടെങ്കിലും ഒരു മുറിയെടുക്കാനുള്ള ആലോചനക്ക് തീരുമാനമുണ്ടാക്കിയത് അവിടുത്തെ കഫേ കാഷ്യറാണ്. അടുത്തുള്ള ഷൊവാശ്രയ് ഗസ്റ്റ് ഹൗസിൽ മിതമായ നിരക്കിൽ മുറി കിട്ടുമെന്നും പറഞ്ഞ് ഒരു തുണ്ടു കടലാസിൽ വഴിയും അദ്ദേഹം വരച്ചു തന്നു. ഗസ്റ്റ് ഹൗസിൽ മുറിയെടുത്ത്  കുറച്ചു വിശ്രമിച്ച ശേഷം ഒരു ഏഴുമണിയായപ്പോഴേക്കും കുമർതുലി വളരെ അടുത്താണെന്ന് മനസ്സിലാക്കിയ ഞങ്ങൾ അങ്ങോട്ടേക്കിറങ്ങി. തൊട്ടടുത്തുള്ള മറ്റൊരു സിഗ്നൽ ജങ്ങ്ഷനും കടന്ന് കഷ്ടിച്ച് ഒരു എണ്ണൂറ് മീറ്ററേ കുമർതുലിയിലേക്ക് ഉണ്ടായിരുന്നുള്ളു.

കുമര്‍തുലിയിലെ ചില ശില്പങ്ങള്‍

മനുഷ്യകരങ്ങളുടെ മായികവിരുതിന്റെ ഭൂമിയിലെ പറുദീസകളിലൊന്നാകും കുമർതുലിയെന്നുറപ്പ്. ആ തെരുവിലെ ഓരോ ശില്പശാലയിലും കഴിവിന്റെ അതിപ്രസരം ദൃശ്യമാണ്. മുഴുവനായി നിർമ്മാണം തീർന്ന് അതിസൂക്ഷ്മമായ മിനുക്കുകളിലൂടെ കടന്നു പോകുന്ന ശില്പങ്ങൾ മുതൽ പൂർണതയ്ക്കായി കാത്ത് കിടക്കുന്ന വാർപ്പ് മാതൃകകൾ വരെ കുമർതുലിയിൽ സാന്നിധ്യം അറിയിക്കുന്നുണ്ട്. 

കാളീശില്പം

രാത്രിയായതുകൊണ്ടാകാം വലിയ തിരക്ക് കണ്ടില്ല. മാത്രമല്ല ഇപ്പോൾ സീസണല്ല താനും. എല്ലാ വർഷവും ദുർഗ്ഗ പൂജയുടെ സമയത്താണ് ഇവർക്ക് കൂടുതൽ വിറ്റ് വരവുണ്ടാകുന്നത്. ആ വിപണി ലക്ഷ്യമിട്ട് ഒരു വർഷത്തെ ദുർഗ്ഗാപൂജ കഴിഞ്ഞ് ഉടനെ തന്നെ അടുത്തതിനുള്ള ശില്പങ്ങളുടെ  നിർമ്മാണം ആരംഭിക്കും. നമ്മുടെ തൃശ്ശൂർ പൂരം കഴിഞ്ഞാൽ ഉടനെതന്നെ അടുത്ത വർഷത്തേക്കുള്ള ചമയങ്ങളും കുടകളുമെല്ലാം ഒരുക്കുന്ന പോലെ. കാളീ ശില്പങ്ങൾക്കും മറ്റു ഹൈന്ദവ ദൈവമാതൃകകൾക്കും പുറമേ മുൻകൂട്ടിയുള്ള ഓർഡർ പ്രകാരം മറ്റു  ശില്പങ്ങളും കുമർതുലിയിൽ നിന്നും നാനാഭാഗങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.  തീർച്ചയായും നഗരത്തിലെ ഒഴിച്ചു കൂടാനാവാത്ത കാഴ്ചകളിലൊന്നു തന്നെയാണ് കുമർതുലി.

ശില്പനിര്‍മാണ ശാല

ഞങ്ങൾ കുമർതുലിയിലേക്ക് കടന്നതിന്റെ നേരേ എതിർവശത്തുള്ള തെരുവിലേക്കാണ് അവിടെ നിന്നും ഇറങ്ങി ചെന്നത്. ആളും ബഹളവുമായി രാത്രിയാഘോഷങ്ങൾ തകൃതിയായി നടക്കുന്ന തെരുവ്. ഓരങ്ങളിൽ ആവി പറക്കുന്ന തട്ടുകടകൾ, ക്രിസ്തുമസ് വിപണി ലക്ഷ്യമിട്ട് നക്ഷത്രങ്ങളും, മാല ബള്‍ബുകളുമൊക്കെ വിൽക്കുന്ന കടകൾ, അവിടവിടെ ക്യാരം കളിയിൽ മുഴുകുന്ന സുഹൃത്തുക്കൾ. കുറച്ചു നേരം അവിടെ നിന്ന് കാരംസ് കളി കണ്ട ശേഷം അവരുടെ അനുവാദത്തോടെ അതിന്റെ ഒരു ചിത്രവുമെടുത്ത് അടുത്തുള്ള കടകളൊന്നിൽ നിന്നും അത്താഴം കഴിച്ചു.

സ്ട്രീറ്റ് ക്യാരം

ഉടനെ മുറിയിലേക്ക് പോകാൻ താല്പര്യമില്ലാത്തതു കൊണ്ട് ഞങ്ങൾ അവിടെ തന്നെ അല്പ നേരം കൂടി കറങ്ങി നടന്നു. ഇടയ്ക്കൊരു ഇടവഴിയിൽ കയറി. രാത്രിയുടെ നിശബ്ദത ആവാഹിച്ചെടുത്തതെന്നു തോന്നിപ്പിക്കുന്ന വഴികൾ. ഇരുവശത്തും കൂറ്റൻ വാതിലുകളുള്ള പഴമയുടെ ഗന്ധം പേറുന്ന കെട്ടിടങ്ങൾ. അരണ്ട മഞ്ഞ വെളിച്ചത്തിൽ നിഴലിന് കൂട്ടായി അതിലൂടെ നടക്കുമ്പോൾ വിന്റേജ് പ്രേതസിനിമകൾക്ക് രംഗപടമൊരുക്കിയതെന്നേ തോന്നൂ. ചില തിരിവുകളിൽ സൊറ പറഞ്ഞിരിക്കുന്ന കിളവന്മാരും കാൽപ്പന്തു തട്ടുന്ന കൊച്ചു പിള്ളേരും ഞങ്ങളുമൊക്കെ അതിലെ അഭിനേതാക്കളാണെന്നും.

ഇടവഴിയില്‍ ഒരു നാസില്‍

നല്ല തണുപ്പും നടത്തത്തിന്റെ ക്ഷീണവുമെല്ലാം കൂടി ഉറക്കത്തിനെ കണ്ണിൽ പിടിക്കുന്നതായി തോന്നിയപ്പോൾ ഞങ്ങൾ മുറിയിലേക്ക് തിരിച്ചു നടന്നു. കുമർതുലിയിലേക്ക് കടന്ന സിഗ്നൽ ജങ്ങ്ഷനിലേക്ക് മടങ്ങും വഴി ഫുട്പാത്തിൽ തെരുവ് വിളക്കിന്റെ വെളിച്ചം മറയുന്നൊരിടത്ത് കുറച്ചു സ്ത്രീകൾ, തമ്മിലൊരല്പം അകലം പാലിച്ചു നിൽക്കുന്നത് കണ്ടു. അതിലൊരാൾ കയ്യിലെ ചോക്കോ ബാറും നുണഞ്ഞു കൊണ്ട് ഞങ്ങൾ സിഗ്നൽ ക്രോസ് കടക്കുവോളം പിന്നാലെ വന്നു. പിന്നെ റൂമിലെത്തും വരെ അതേപ്പറ്റി സംസാരിച്ചുകൊണ്ടിരുന്നു, സോനാഗച്ചിയും അവിടം കഥാപാത്രമായ കമലഹാസന്റെ മഹാനദിയും ബ്ലസിയുടെ കൽക്കട്ടാ ന്യൂസുമൊക്കെ വിഷയങ്ങളായി. സഹതാപത്തെ തുടര്‍ന്നുള്ള ചര്‍ച്ചകള്‍ ഞങ്ങള്‍ ഫെയ്ക് ബുദ്ധിജീവികളുടെ ട്രേഡ്മാര്‍ക്കായിപോയില്ലേ. ഹാ! എന്തുചെയ്യാന്‍ ?

മാഞ്ചസ്റ്റർ സിറ്റിയുടെ കളിയുള്ളതിനാൽ ആരാധകനായ നാസിൽ ഉറക്കം പിടിക്കാൻ വൈകുമെന്ന് അറിയിച്ചു. ഞാനാണെങ്കിൽ മുറിയിലെത്തിയപ്പോഴേക്കും പാതിയുറക്കത്തിൽ കയറിയിരുന്നു.

                        ***********************

പിറ്റേന്ന് രാവിലെ റൂമൊഴിഞ്ഞ് പുറത്തേക്കിറങ്ങുമ്പോൾ പുലർച്ചെ ഒരു മഴ പെയ്തു തോർന്നതിന്റെ ലക്ഷണങ്ങൾ കണ്ടു. അതുകൊണ്ടെന്താ പൊതുവേ ഉള്ള തണുപ്പിന്, തണുപ്പ് ശകലം കൂടി. ഈ തണുപ്പത്തും വ്യായാമത്തിനായിറങ്ങിയിരിക്കുന്ന ആളുകളെ സമ്മതിക്കണം.  അവരെ കണ്ടപ്പോൾ കുറച്ചു നാണക്കേട് തോന്നിയെന്നതാണ് വാസ്തവം. കൂടുതലും മധ്യവയസ്കരാണ് നിരത്തിൽ നടക്കുന്നത്, ചിലരുടെ കൂടെ കൊച്ചു കുട്ടികളുമുണ്ട്. റായ്പൂരിലാണെങ്കിൽ രാവിലെ ആറര മണിയൊക്കെ അത്യപൂർവമായേ കാണാറുള്ളൂവെന്ന കാര്യം നാസിലോർമിപ്പിച്ചു. സത്യം. അതും ഈ തണുപ്പ് കാലത്ത്.

ഒരു തെരുവ്

നഗരം പതിയെ ഉണർന്നു വരുന്നതേയുള്ളൂ. ഇന്നലെ മുഴുവനും ഹൗറ പാലത്തിന്റെ ഇടത് വശത്തുള്ള കൊൽക്കത്തയുടെ  ഉത്തരഭാഗങ്ങളിലൂടെയാണ് ഉലാത്തിയത്. ഇന്ന് വലതുഭാഗം പിടിക്കാമെന്നു കരുതി. മാത്രമല്ല കൂടുതൽ കാഴ്ചകളും അവിടെയാണെന്നാണ് മാപ്പ് പറയുന്നത്. പൂജാ സാമഗ്രികൾ വിൽക്കുന്ന പെട്ടിക്കട കളും, പാൽ സൊസൈറ്റികളുമൊക്കെ കുറച്ചെണ്ണം തുറന്നിട്ടുണ്ടെങ്കിലും രാവിലെ മുതൽതന്നെ വളരെ സജീവമായി പ്രവർത്തിക്കുന്നത് ചായക്കടകളാണ്. കട്ടിങ്ങ് ചായയോടുള്ള അതിര് കവിഞ്ഞ ഇഷ്ടം കൊണ്ട് ഒട്ടുമിക്ക കടകളിലും ഞങ്ങൾ ഹാജർ വയ്ക്കുന്നുമുണ്ട്.

രവീന്ദ്രനാഥ ടാഗോറിന്റെ ഭവനമായ ജോറാസങ്കോ താകുർബാരിയാണ് മാപ്പിന്റെ നിർദ്ദേശപ്രകാരം ഞങ്ങൾ നടക്കുന്ന ദിശയിലെ പ്രധാനപ്പെട്ട ആദ്യത്തെ കാഴ്ച. അങ്ങോട്ടേക്ക് പോകുന്നതിനിടയിൽ ഒരിടത്തൊരു വലിയ ആൾക്കൂട്ടം കണ്ടു ഞങ്ങൾ നിന്നു. അവിടുത്തെ പ്രശസ്തമായൊരു പലഹാരക്കടയാണ്. ഈ വഴി പ്രഭാതസവാരിക്കിറങ്ങുന്ന മിക്കവരും ഇവിടെ നിന്നുമെന്തെങ്കിലുമൊക്കെ വാങ്ങി കഴിച്ചു നടത്തത്തിന്റെ ക്ഷീണം മാറ്റുന്നുണ്ട്. ചിലർ പൊതികൾ വാങ്ങുന്നതും കണ്ടു. പക്ഷേ ഞങ്ങളെ ഏറ്റവും ആകർഷിച്ചത് തൊട്ടപ്പുറത്തു കണ്ട തട്ടുകടയാണ്. പ്രധാന ആകർഷണം ഒരു മസാലദോശക്ക് പന്ത്രണ്ട് രൂപയേയുള്ളൂവെന്നതും. കണ്ണുംപൂട്ടി രണ്ടു പേർക്കും മുമ്മൂന്ന് ദോശ പറഞ്ഞു. ഒരു ചെറിയ പയ്യനാണ് കടയുടമ. അവന്റെ തന്നെ അനുജനെന്നു തോന്നിപ്പിക്കുന്ന ഒരു ചെറുക്കൻ സഹായത്തിനുണ്ട്.  ദോശ ചുട്ടു കൊണ്ടിരിക്കുമ്പോഴടുത്തു നിന്നുള്ള ഞങ്ങളുടെ വർത്തമാനത്തിൽ നിന്നും തമിഴന്മാരാണോയെന്ന് അവന് സംശയമുണ്ടായി. അത് മടി കൂടാതെ അന്വേഷിക്കുകയും ചെയ്തു. ദക്ഷിണേന്ത്യയിലെ മനുഷ്യരെല്ലാം തെലുങ്കരാണെന്നുറച്ച് വിശ്വസിക്കുന്ന ഉത്തരേന്ത്യൻ സുഹൃത്തുക്കൾ ഉള്ള ഞങ്ങൾക്ക് തെറ്റെങ്കിലും അവന്റെ ഊഹത്തിന് ഒരു ബിൽകുൽ സഹി ജവാബ് കൊടുത്താലും മോശമാവില്ലെന്ന് തോന്നി. വിലകുറവെന്നു കരുതി സ്വാദിൽ വലിയ വിട്ടു വീഴ്ചകളൊന്നുമില്ല. സംഭവം സോത്ത് ഇന്തിൻ തന്നെ. കിടിലൻ.

അസ്ലി സോത്ത് ഇന്തിൻ

മാപ്പ് നോക്കി കൃത്യമായി ടാഗോറിന്റെ ഭവനത്തിൽ എത്തിയെങ്കിലും കുറച്ചു നേരത്തെ ആയിപ്പോയി. അകത്തേക്കുള്ള പ്രവേശനം പത്തു മണിക്ക് ശേഷമേയുള്ളൂ എന്ന് കാവൽക്കാരൻ പറഞ്ഞു. സമയം അപ്പോൾ എട്ടര. പൊതുവേ എല്ലായിടത്തും വൈകിയെത്തുന്ന ഞങ്ങൾക്ക് അതൊരു പുതിയ അനുഭവം ആയിരുന്നു. ഇക്കണ്ട വഴിയൊക്കെ പരസ്പരം കത്തിയടിച്ച് നടക്കുമ്പോൾ, ഇതിനെ പറ്റി നെറ്റിലൊന്നു തിരഞ്ഞു നോക്കാൻ കൂടി തോന്നിയില്ല. കഷ്ടം! ഒന്നര മണിക്കൂറിനുള്ളിൽ കണ്ട് വരാൻ തക്ക കാഴ്ചകളൊന്നും അയൽപക്കത്തില്ലാത്തതു കൊണ്ട് ഞങ്ങൾ അവിടെ തന്നെയിരുന്നു. അല്പം കഴിഞ്ഞ്  ചൈനാക്കാരായ ദമ്പതികൾ വന്നു ( ആവാം ആവാതിരിക്കാം). കാവൽക്കാരന് ഇംഗ്ലീഷ് വശമില്ലാത്തതിനാൽ അവിടുത്തെ സമയക്രമത്തെ പറ്റി ഞങ്ങൾ അവർക്ക് പറഞ്ഞു കൊടുത്തു(ഇനി അവർക്ക് ഇംഗ്ലീഷ് അറിയുമായിരുന്നോ ആവോ). വാച്ചിൽ നോക്കി പരസ്പരം എന്തോ പിറുപിറുത്തു കൊണ്ട് അവരപ്പോൾ തന്നെ തിരിച്ചു പോയി. ഇപ്പോൾ ഭൂരിഭാഗം വിദേശികളും പഴയ പോലെ ട്രാവൽസുകാരെ അടുപ്പിക്കുന്നില്ല.  മിക്കവരും (പ്രത്യേകിച്ച് ചെറുപ്പക്കാർ) ബാക്ക് പാക്കേർസായാണ് ഊരു ചുറ്റുന്നത്. അല്ലെങ്കിലും നടക്കാനാവതുള്ള പ്രായത്തിൽ അത് തന്നെയാണ് സൗകര്യമെന്ന് തോന്നുന്നു. ഞാനതൊന്ന് ആലോചിച്ചു തീർന്നില്ല , അപ്പോഴേക്കും ഏതോ ഒരു ട്രാവൽസിന്റെ എക്സ് യു വിയിൽ ഒരു കൂട്ടം ചെറുപ്പക്കാരായ ടൂറിസ്റ്റുകളെത്തി. ബംഗ്ലാദേശികളാണ്. നല്ല ജോളി പാർട്ടീസ്. ഏകദേശം റായ്പൂരിലെ ടീമിന്റെ  അതേ വേവ് ലെംഗ്തെന്ന് അവരെ കണ്ടയുടനൊരു കമന്റ് നാസില്‍ പാസാക്കി. പത്ത് മണിയായപ്പോഴേക്കും അത്യാവശ്യം ആളുകളെത്തി. ഗെയിറ്റ് തുറന്നു, ടിക്കറ്റെടുത്ത് ഞങ്ങൾ അകത്തു കയറി. 

രവീന്ദ്രനാഥ ടാഗോറിന്റെ മുത്തച്ഛനായ ദ്വാരകനാഥ ടാഗോർ പതിനെട്ടാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതാണീ സൗധം. ഇവിടെയാണ് ടാഗോർ ജനിക്കുന്നതും, തന്റെ  ഏറ്റവും പ്രിയപ്പെട്ട കുട്ടിക്കാലം ചിലവഴിച്ചതും. അങ്ങനെ വ്യക്തിപരമായ ഒരുപാട് ഓർമ്മകൾ  വേരോടുന്ന ഇതേ ഭവനത്തില്‍ തന്നെയാണ് എൺപതാം വയസ്സിൽ അദ്ദേഹം മരണമടഞ്ഞതും. 

പുതിയ കാലത്ത് രബീന്ദ്ര ഭാരതി സർവ്വകലാശാലയോട് ചേർന്ന് ഒരു മ്യൂസിയം കണക്കെ വളരെ നന്നായി തന്നെ ഈ ഭവനം സംരക്ഷിച്ചു പോരുന്നു. ടാഗോർ കുടുംബത്തിന്റെയും രബീന്ദ്രനാഥ ടാഗോറിന്റെയും ചരിത്രത്തിനപ്പുറം ബംഗാളിന്റെ സ്വാതന്ത്ര്യപൂർവ കാലഘട്ടത്തെ സാമൂഹികപരമായും സാംസ്കാരികപരമായും കൂടി അടയാളപ്പെടുത്തുന്നുണ്ട് ഈ കെട്ടിടം. അക്കാലത്ത് പടിഞ്ഞാറന്‍ കലാരീതികളെ ഉപേക്ഷിച്ച് ജപനീസുകളുടെ നേതൃത്വത്തില്‍ ഒരു ഏഷ്യന്‍ കലാസംസ്കാരം രൂപപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങളെപ്പറ്റിയൊക്കെ പണ്ട് സ്കൂളില്‍ പഠിച്ചിട്ടുണ്ട്. അതിന്റെ ചില സക്ഷ്യപത്രങ്ങളൊക്കെ ഇവിടെ കാണാന്‍ കഴിഞ്ഞു. ലോകം മുഴുവനും ടാഗോര്‍ വായിക്കപ്പെടുന്നത് എന്തുകൊണ്ടെന്നതിനുള്ള ഉത്തരം കൂടിയാണ് ഈ വീട്ടിലെ പല കാഴ്ചകളും.

വീടിന്റെ അകത്തളങ്ങളിൽ ഫോട്ടോഗ്രാഫി കർശനമായി വിലക്കിയിട്ടുള്ളത് കൊണ്ട് ചിത്രങ്ങളൊന്നും കാര്യമായി എടുക്കാൻ സാധിച്ചില്ല.

ജോറാസുങ്കോ താകുര്‍ബരി

പുറത്തിറങ്ങി വിക്ടോറിയ പാലസിലേക്കു പോകാമെന്ന് തീരുമാനിച്ചു. വഴി തിരഞ്ഞപ്പോൾ നടന്നെത്താവുന്നതിനേക്കാൾ ദൂരമുണ്ട്. ഒരു വ്യക്തത വരുന്ന വരെ ചിത്തരഞ്ചൻ അവന്യുവിന്റെ പരിസരത്തൂടെ അല്പം കറങ്ങി. അവിടെ ഒരിടവഴിയിൽ ആളുകൾക്ക് കടന്നു പോകാൻ തക്കം ഒരു ചെറിയ വിടവിട്ട് കൊണ്ട് വലിയൊരു അരങ്ങ് പണിതിട്ടിരിക്കുന്നു. ഉള്ളിലായി കാളീ പ്രതിഷ്ഠയുമുണ്ട്. ചിലപ്പോൾ കഴിഞ്ഞ ദുർഗ്ഗാ പൂജയോടനുബന്ധിച്ച് ഒരുക്കിയതാകും. ഇപ്പോഴും ചിലരൊക്കെ പ്രതിഷ്ഠക്കു മുന്നിൽ പ്രാർത്ഥിക്കാനെത്തുന്നു. അവിടെ വച്ച് ഞങ്ങൾ സുദീപ്തൊ എന്ന കൊച്ചു പയ്യനെ പരിചയപ്പെട്ടു. 

സുദീപ്തൊയും നാസിലും

മുത്തച്ഛന്റെ കൂടെ രാവിലെ സവാരിക്കിറങ്ങിയതാണവൻ. ഒരു ബീഡിയും പുകച്ചു തന്റെ സുഹൃത്തിനൊപ്പം വർത്തമാനം പറഞ്ഞു കൊണ്ട് അദ്ദേഹം അടുത്തു തന്നെയുള്ള കടത്തിണ്ണയിൽ ഇരിപ്പുണ്ട്. ഇടയ്ക്കിടെ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. മൂന്നാം തരത്തിലാണ് സുദീപതോ പഠിക്കുന്നത്. ആദ്യം കൃത്യമായി പേര് മനസ്സിലാകാത്ത പോലെ നടിച്ചപ്പോൾ, അക്ഷരംപ്രതി ഇംഗ്ലീഷിൽ ഞങ്ങൾക്കവൻ ക്ലാസെടുത്തു. ക്രിസ്തുമസ് അവധി അവന്റെ ചിരിയുടെ പ്രകാശത്തിന് തെളിച്ചം കൂട്ടിയിട്ടുണ്ട്. ഞങ്ങൾ കേരളത്തിൽ നിന്നാണ് വരുന്നത് എന്ന് പറഞ്ഞു കൊടുത്തു. കേരളമെന്ന് കേട്ടിട്ടുണ്ടോ എന്ന് നാസിലിന്റെ വക ഒരു ചോദ്യവും. അറിയില്ലെന്ന് ആംഗ്യം കാണിച്ചു. എന്നിട്ട് കുഞ്ഞിപ്പല്ലു മുഴുവൻ കാണിച്ചൊരു ചിരിയും. അല്ലെങ്കിലും അവനെന്ത് കേരളം എന്ത് ബംഗാൾ. എല്ലാവരും മനുഷ്യർ. എല്ലായ്പ്പോഴും ചിരി. 

ദേവിയും ഭക്തരും

അരങ്ങിൽ ചിതറികിടക്കുന്ന വർണ്ണറിബ്ബണുകൾ പരസ്പരം വാരിയെറിയുന്നതിനിടെ  സുദീപ്തോയെ കൊണ്ടു പോകാനായി അവന്റെ  മുത്തച്ഛൻ ഞങ്ങളൾക്കടുത്തേക്ക് വന്നു. തമ്മിൽ പരിചയപ്പെട്ടു. കാഴ്ചയിൽ പരുക്കനായ അദ്ദേഹം, ഞങ്ങൾ അവരുടെ നാട് കാണാൻ വന്ന മലയാളികളാണെന്ന്  അറിഞ്ഞപ്പോൾ മുതൽ വർത്തമാനമൊക്കെ മയത്തിലായി. ഒരു പഴയ കമ്മ്യൂണിസ്റ്റ്കാരന്റെ മനസ്സ് വലിയൊരു  സ്വപ്നകാലത്തിന്റെ ചരിത്രതാളുകളിലേക്ക് ഒന്നിറങ്ങിച്ചെന്ന്  തൊട്ടുവന്നതു പോലെ തോന്നി(അമ്മയാണെ സത്യം). ഞങ്ങളുടെ തുടർയാത്രയെപ്പറ്റിയൊക്കെ മൂപ്പര് കാര്യമായി ചോദിച്ചറിഞ്ഞു. അടുത്ത സ്റ്റോപ്പ് വിക്ടോറിയ ആണെന്നറിഞ്ഞപ്പോൾ മെട്രോ പിടിക്കാൻ നിർദ്ദേശം തന്നതും അദ്ദേഹം തന്നെ.ആ വഴിയിൽ നിന്നും അധികം ദൂരത്തല്ലാതെ തന്നെ എം.ജി സ്റ്റേഷനുണ്ടായിരുന്നു. സുദീപ്തോയ്ക്കും മുത്തച്ഛനും യാത്ര പറഞ്ഞു ഞങ്ങൾ സ്റ്റേഷനിലേക്ക് നീങ്ങി. 

കൊൽക്കത്തയിലെ മെട്രോ ഡൽഹിയിലേതു പോലെ വലിയ പത്രാസുകാരനൊന്നുമല്ല. ഒരു അയ്യോ പാവം. സാധാരണക്കാരായ സഞ്ചാരികളെ സംബന്ധിച്ചിടത്തോളം വലിയൊരു അനുഗ്രഹമാണ് ഇത്തരം മെട്രോകൾ.വലിയ ചിലവൊന്നുമില്ലാതെ തന്നെ സ്ഥലങ്ങളൊക്കെ ചുറ്റിക്കാണാൻ സമയം ലഭ്യമാക്കുന്നതിൽ മെട്രോ പോലുള്ള വാഹനസൗകര്യങ്ങൾ വഹിക്കുന്ന പങ്ക് ഏറെയാണ്.

വിക്ടോറിയ ജംങ്ഷനിൽ വന്നിറങ്ങി മൈദാന്റെ ഓരം ചുറ്റിയാണ് ഞങ്ങൾ പാലസിലേക്ക് നടന്നത്. വഴി വലത്തോട്ട് തിരിയുന്ന സെന്ററിൽ ലോറി കണക്കിന് ആളുകൾ പൗരത്വ ബില്ലിന് എതിരെയുള്ള സമരപരിപാടികളിൽ പങ്കെടുക്കാനായി പോകുന്നത് കണ്ടു. അതിൽ പകുതി മുക്കാലും തൊഴിലാളികളാണ്. മഹാഭാരതത്തിലെ ജീവിതദുരിതത്തിൽ നിന്നും വേരെടുക്കുന്ന രാഷ്ട്രീയ തൊഴിലാളികൾ. കാശിന് സമരം ചെയ്യാൻ, തല്ലുണ്ടാക്കാൻ, കിട്ടുമ്പോൾ നിന്നു കൊള്ളാൻ, വോട്ടു കുത്താൻ, സാക്ഷി പറയാൻ, അഴികളെണ്ണാൻ. അങ്ങനെ എല്ലായിടത്തും അവരുടെ ഹാജർ കൃത്യമായി പതിയുന്നു.

മൈദാനിൽ ആഴ്ചാവസാനങ്ങളിൽ ഒത്തുകൂടാൻ എത്തിയ ആളുകളുടെ ചെറിയ തിരക്കുള്ളതു പോലെ തോന്നി. ആ തിരക്ക് പ്രതീക്ഷിച്ചു കടതുറന്നിരിക്കുന്ന വഴിയോര കച്ചവടക്കരുമേറെയുണ്ട്. കുതിരകളെയും കുതിരക്കാരെയും അവർ സവാരിനടത്തുന്നവരെയുമൊക്കെ  ഇടയ്ക്കിടെ ആ നടത്തത്തിൽ അങ്ങോട്ട് നോട്ടം ചെന്നപ്പോൾ കണ്ടിരുന്നു. പക്ഷേ പാലസിന്റെ മുൻപിലെത്തിയപ്പോഴാണ് ശെരിക്കും ആളുകളുടെ അതിപ്രസരം കനത്തിൽ അനുഭവപ്പെട്ടത്. ജനസാഗരം. അതിൽ അധികവും അവിടുത്തുകാരെന്നതാണ് അത്ഭുതം. ആഴ്ചാവസാനത്തെ ഒത്തുകൂടലുകളും സൊറപറച്ചിലുമൊക്കെ പാലസിനകത്ത് ടിക്കറ്റ് എടുത്തു അല്പം കൂടി  ആഡംബരമാക്കുന്ന സ്വദേശികൾ.

ഇതിനിടയിൽ ടിക്കറ്റ് എടുക്കാൻ നിൽക്കുമ്പോൾ രസകരമായൊരു സംഭവമുണ്ടായി. വരിയിൽ ഞങ്ങൾക്കു പിന്നിൽ നിന്നിരുന്ന ഒരു ചേട്ടൻ നാട്ടിൽ എവിടെയാ എന്ന് തിരക്കി. ഏത് യാത്രയിലും മലയാളികളെ സന്ധിക്കുന്നത് സ്വാഭാവികമായ ഒന്നാണ് , എന്നാൽ പെരുമ്പാവൂരിൽ കെട്ടിടതൊഴിലാളിയായ നാരായൺ (മ്മ്ടെ നാരായണേട്ടന്‍) മലയാളികളായ നാസിലിനോടും ശരത്തിനോടും പച്ച മലയാളത്തിൽ വിക്ടോറിയ പാലസിനു മുന്നിലെ ക്യൂവിൽ നിന്ന് കുശലാന്വേഷണം നടത്തുന്നത് അല്പം അപൂർവതയുള്ള ഒരു അനുഭവം തന്നെയാണെന്ന് തോന്നുന്നു. അദ്ദേഹവും സുഹൃത്തുക്കൾക്കൊപ്പം വെറുതെ കറങ്ങാൻ ഇറങ്ങിയതാണ്. അകത്ത് കോമ്പൗണ്ടിൽ കടന്നു കഴിഞ്ഞു പാലസിനുള്ളിലേക്കുള്ള വഴി കാണിച്ച് അവർ ഒരു ബൈ പറഞ്ഞു പോയി. പാലസിനകത്തെ കാഴ്ചകളൊക്കെ അവർക്ക് കാണാപാഠമാണ്. അവർ വരുന്നത് ചുറ്റുമുള്ള ഉദ്യാനത്തിൽ അല്പനേരം ഇരുന്ന് സംസാരിക്കാനും ഉല്ലസിക്കാനും വേണ്ടി മാത്രമാണ്.

വിക്ടോറിയ പാലസ്

1901-ൽ വിക്ടോറിയ ചക്രവർത്തിനിയുടെ മരണത്തെ തുടർന്ന് അന്നത്തെ വൈസ്രോയി ആയിരുന്ന കഴ്സൺ പ്രഭുവാണ് കഴിഞ്ഞു പോയ അറുപത്തിമൂന്ന് വർഷക്കാലത്തെ വിക്ടോറിയൻ ഭരണത്തിന്റെ സ്മരണാർത്ഥം ഇന്ത്യയിൽ ഒരു പ്രൗഢഗംഭീരമായ സ്മാരകം പണികഴിപ്പിക്കാമെന്ന ആശയം മുന്നോട്ടു വയ്ക്കുന്നത്. ആ തീരുമാനത്തിന് ലഭിച്ച ജനസമ്മതിയുടെ ഊർജ്ജത്തിന്റെയും (ഇന്റർനെറ്റിൽ കണ്ടതാണ്) വിദേശികളും സ്വദേശികളുമായ ധനികരുടെ സംഭാവനകളുടെയും ബലത്തിൻമേൽ 1921ലാണ് വിക്ടോറിയ മെമോറിയൽ പണിതീർത്ത് സാധാരണക്കാർക്കായി തുറന്ന് കൊടുക്കുന്നത്.

കൊട്ടാരസമാനമായ മെമ്മോറിയലിന്റെ പ്രധാന അകത്തളത്തിന് ഒത്ത നടുക്ക് ചക്രവർത്തിനിയുടെ ഒരു മാർബിൾ ശില്പം കൊത്തിയിട്ടുണ്ട്. മുകളിൽ ഡോമിന്റെ ഉൾഭാഗത്ത് ചുവരുകൾ ചുറ്റും അവരുടെ ജീവിതത്തിലെ പ്രധാന ചില സംഭവങ്ങളും ചിത്രപ്പണികളിൽ വിവരിക്കുന്നു. ഇവ കൂടാതെ ഏതാണ്ട് ഇരുപത്തിമൂന്നോളം ഗാലറികളും അനുബന്ധ മ്യൂസിയങ്ങളും അവിടെത്തന്നെയുണ്ട്. കമ്പനി കാലത്ത് ഇന്ത്യയിൽ വന്ന ഏറ്റവും പ്രശസ്ത ചിത്രകാരന്മാരായ തോമസ് ഡാനിയേലിന്റെയും, വില്ല്യം ഡാനിയേലിന്റെയും വരകളുടെ ഏറ്റവും വലിയ ശേഖരം ചരിത്രാന്വഷികളുടെ ശ്രദ്ധയാകർഷിക്കുമെന്നുറപ്പ്.

വിക്ടോറിയ പാലസ്

ബ്രിട്ടീഷ് ഭരണകാലത്തെപ്പറ്റിയുള്ള ചരിത്രപാഠങ്ങളിൽ പലയാവർത്തി കേട്ടു പതിഞ്ഞ പ്രഭുക്കളായ കോൺവാലിസ്, ഡൽഹൗസി, വില്ല്യം ബെനഡിക്ട് തുടങ്ങിയവരുടെ പ്രതിമകൾ പുറത്ത് ഉദ്യാനത്തിലായി സ്ഥാപിച്ചിരിക്കുന്നത് കണ്ടു.

ആധികാരികമായി മെമ്മോറിയലിന്റെ നിർമ്മാണ ശൈലിയെപ്പറ്റി പറയാൻ മാത്രമുള്ള വിവരം ഇല്ലെങ്കിലും ആദ്യ കാഴ്ചയിൽ സാമ്യം തോന്നിയത് താജ്മഹലിനോടാണ്. അതിന്റെ പ്രധാന കാരണം അന്നെനിക്ക് കൃത്യമായി അറിയുമായിരുന്നില്ല. എന്നാൽ പിന്നീട് നടത്തിയ പഠനത്തിൽ രണ്ട് കാര്യങ്ങളാണ് ആ സാമ്യതയെ സാധൂകരിക്കുന്നത്. ഒന്ന് നിർമാണത്തിനായി തിരഞ്ഞെടുത്ത ഇൻഡോ ഗോഥിക് രീതിയും അതിലുള്ള മുഗൾ സ്വാധീനവുമാണ്. രണ്ടാമതായി മെമ്മോറിയൽ പണിയാൻ ഉപയോഗിച്ചിരിക്കുന്ന മാർബിൾ താജ്മഹലിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടുള്ള മകരാന മാർബിൾ തന്നെയാണ് എന്നതും. ഇംഗ്ലണ്ടിലെ ബക്കിംങ്ങ്ഹാം പാലസിന്റെ മുൻഭാഗത്ത് കാണാവുന്ന വിക്ടോറിയ മെമ്മോറിയലിലെ വിംഗ്ട് വിക്ടറി പോലുള്ള ശില്പം ഏതാണ്ട് അതു തന്നെയെന്ന മട്ടിൽ ഇവിടെയും ഫക്കേടിനു മുകളിലായി കാണാം.

വളരെ വിശാലമാണ് മെമ്മോറിയലിന് ചുറ്റുമുള്ള ഉദ്യാനം. നേരത്തെ സൂചിപ്പിച്ചത് പോലെ അവധിദിവസങ്ങളിൽ ഇത്ര തിരക്കുണ്ടാവാനുള്ള പ്രധാന കാരണവും ഒരുപക്ഷേ ഇതാവാം. അകത്തെ കാഴ്ചകൾ കണ്ട് പുറത്തിറങ്ങുമ്പോഴേക്കും കാലുകൾ സുല്ലിട്ടിരുന്നു. നാസിലിന് അത്ര ക്ഷീണമൊന്നും തോന്നുന്നില്ലെന്ന് പറഞ്ഞു. എനിക്ക് കാല് നിവർത്തിയല്പ നേരം ഇരിക്കാതെ വയ്യെന്ന അവസ്ഥയാണ്. നേരം നട്ടുച്ചയായി. അല്പം തണല് തിരഞ്ഞു നടന്നു ഞങ്ങൾ അവിടെ ഒരു കുളത്തിന് സമീപം മരച്ചോട്ടിലിരുന്നു. ഇരിപ്പിടങ്ങൾ മിക്കതും നേരത്തെ തന്നെ നിറഞ്ഞിരുന്നു. കാല് നിവർത്തിയിരുന്നപ്പോൾ തന്നെ സമാധാനം. ആ കുളത്തിന്റെ മറുവശം ചേർന്ന് മെമ്മോറിയലിന്റെ കോമ്പൗണ്ട് മതിൽ ചുറ്റിപ്പോകുന്നുണ്ട്. അതിനപ്പുറം പുറത്ത് വലിയൊരു അംബരചുംബി കെട്ടിടം കണ്ടു. മുൻപ് മെമ്മോറിലിലേക്ക് വരുന്ന വഴിയിലും ആ കെട്ടിടം കണ്ടിരുന്നു. കോർപ്പറേറ്റ് ആപ്പീസാണോ? അതോ ഫ്ലാറ്റോ?. അറിയില്ല ( പിന്നീടാണ് അത് ഇന്ത്യയിലെ തന്നെ ഉയരം കൂടിയ കെട്ടിടങ്ങളിലൊന്നായ “ദ് 42” എന്ന റെസിഡന്ഷ്യല്‍ ബില്‍ഡിങ്ങണെന്ന് അറിഞ്ഞത്). കാലിൽ നിന്നും വേദനയിറങ്ങുന്ന സുഖത്തിൽ ആ കെട്ടിടം നോക്കി കുറച്ചുനേരം അങ്ങനെ ഇരുന്നു.

ദ് 42

അടുത്തത് എങ്ങോട്ടാണ് എന്ന് നാസിൽ ചോദിച്ചു. നല്ല വിശപ്പുണ്ട്, എന്തെങ്കിലും കഴിച്ചിട്ട് നോക്കാമെന്ന വാക്കിൽ ഞാൻ ഫോണെടുത്ത് ഒന്ന് പരതി. തൊട്ടടുത്ത് സെന്റ് പോൾസ് കത്തീഡ്രൽ ഉണ്ടെന്ന് കണ്ടപ്പോൾ അവിടം വരെ പോയിട്ടാകാം ഉച്ചഭക്ഷണം എന്ന പ്ലാനിലേക്ക് ഞങ്ങൾ നിമിഷാർധത്തിൽ കളം മാറി ചവിട്ടി. ഞങ്ങളുടെ പിന്നിലൂടെ അച്ഛനും അമ്മയും ഒരു കുഞ്ഞു പയ്യനും തങ്ങുന്ന കുടുംബം കടന്നു പോയി. അച്ഛന്റെ തോളത്തിരുന്നവൻ ‘പത്തീ…..’ എന്ന് ഉച്ചത്തിൽ വിളിച്ചു കൊണ്ടിരുന്നു. പെട്ടെന്നു ഞാനും നാസിലും തിരിഞ്ഞു നോക്കി. ചെറുക്കൻ മുഖം വെട്ടിച്ചു. പരസ്പരം നോക്കി ചിരിച്ചുകൊണ്ട് കയ്യിലെ പൊടി തട്ടി ഞങ്ങൾ എഴുന്നേറ്റു പുറത്തേക്കു നടന്നു.

സെന്റ് പോൾസ് കത്തീഡ്രൽ

സെന്റ് പോൾസ് കത്തീഡ്രൽ വളരെ അടുത്തായിരുന്നു. പള്ളിക്കോമ്പൗണ്ടിൽ അധികം ആളുകളെയൊന്നും കണ്ടില്ല. എല്ലാവരും പള്ളിക്കകത്തായിരിക്കുമെന്ന് കരുതി വലിയ വാതിലിനു നേരേ ഞങ്ങൾ നടന്നു. ആദ്യത്തെ പടിയിൽ കാല് വച്ചപ്പോഴേക്കും ഹേ’.. എന്നാരോ പുറകിൽ നിന്നും വിളിച്ചു. തിരിഞ്ഞു നോക്കിയപ്പോൾ ഒരു മധ്യവയസ്കനാണ്. ഉയരം കുറഞ്ഞ് അല്പം തടിച്ച ഒരാൾ. അകത്തേക്ക് ഇപ്പോൾ കയറാനാവില്ലെന്ന് അയാൾ പറഞ്ഞു. സാധാരണ നിലയിൽ അങ്ങനെ പറയുമ്പോൾ കയറാനുള്ള ആശ കൂടുകയാണ് പതിവ്, കുറഞ്ഞ പക്ഷം പ്രവേശനം നിഷേധിക്കുന്നതിന്റെ കാരണമെങ്കിലും ചോദിക്കും. അന്നെന്തോ, അയാൾ പ്രവേശിക്കരുത് എന്ന് പറയാൻ കാത്തു നിന്നതു പോലെ ഞങ്ങളിരുവരും തിരികെ ആ മുറ്റത്ത് പൂചട്ടികൾ വച്ചിരുന്ന തിണ്ടത്ത് പോയിരുന്നു. പള്ളിയുടെ ഒന്ന് രണ്ട് ചിത്രങ്ങളെടുത്തു. പിന്നെ അവിടെ സെൽഫിയെടുക്കുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നവരെയും നോക്കിയിരുന്നു. ‘ അപ്പുറത്ത് ഒരു പ്ലാനറ്റോറിയം ഉണ്ട്. നോക്കണോ എന്ന് ഞാൻ നാസിലിനോട് ചോദിച്ചു, അവൻ വിശക്കുന്നുണ്ടെന്ന് പറഞ്ഞു. 

മിനിഞ്ഞാന്ന് റായ്പൂരിൽ നിന്നും ട്രെയിൻ കയറിയത് മുതൽക്കെ കപ്പാസിറ്റിക്കനുസരിച്ച്, കാര്യമായി ഒന്നും കഴിച്ചിട്ടില്ല. പുതിയ  നഗരക്കാഴ്ചകളിലേക്ക് ഇറങ്ങിച്ചെന്നപ്പോൾ വിശപ്പ് വലിയ വിഷയമല്ലാതായെന്ന് തോന്നി. പക്ഷേ ആ തോന്നലിന്റെ ആയുസ്സ് ഏകദേശം തീർന്ന മട്ടാണ്. ഞാനും നാസിലും ഫോണിൽ ഒന്നും കൂടി പരതിയിറങ്ങി. നേതാജിയുടെ ഭവനം കണ്ടാൽ കൊള്ളാമെന്ന് ഞങ്ങൾ രണ്ടു പേർക്കും ആഗ്രഹമുണ്ട്. ക്ലോസിംഗ് ടൈമിനു മുൻപേ ആ വഴി പിടിക്കാം. പോണ പോക്കിൽ നല്ല ഇടം വല്ലതും കണ്ടാൽ ഫുഡുമടിക്കാമെന്നും നാസിൽ അഭിപ്രായം പറഞ്ഞു.

പോകുന്ന വഴിക്കെവിടെയോ ജയിലിന്റെ തീമില് ഒരു റെസ്റ്റ്രന്റുള്ളതായി ഗൂഗിളേച്ചി പറഞ്ഞു. അത്തരം തീം ബേസ്ഡ് റെസ്റ്റ്രന്റുകളെപ്പറ്റി ഞാൻ യൂട്യൂബിൽ പണ്ട് കണ്ടിരുന്നു. അതൊരു മികച്ച തീരുമാനമാകുമെന്ന ചിന്തയിൽ നാസിലും മറുത്തൊന്ന് പറഞ്ഞില്ല. എന്നാൽ സ്വതവേ തളർന്നു തുടങ്ങിയ ഞങ്ങളുടെ കാലുകളെ വീണ്ടും ഒരു നഗരപ്രദക്ഷിണം നടത്തി കളിപ്പിക്കാൻ പോകുന്ന ഒരു തിരുമണ്ടൻ ഐഡിയ ആയിരിക്കുമതെന്ന് ഞാനോ സമ്മതം മൂളുമ്പോൾ നാസിലോ അറിഞ്ഞിരുന്നില്ല.

വാഹനങ്ങൾ ചടുലമായി നീങ്ങുകയും അത്യാവശ്യം ആളനക്കവും ഉണ്ടായിരുന്ന വഴികളിലൂടെ നടന്നതു കൊണ്ടാണോയെന്നറിയില്ല, കുറേ നേരം പരസ്പരം ഒന്നും മിണ്ടാതെയാണ് ഞങ്ങൾ നടന്നത്. കുറേ ദൂരം കഴിഞ്ഞു. ഇനിയെത്ര ദൂരം ഉണ്ടെന്ന് നാസിൽ തിരക്കിയപ്പോൾ ഞാൻ വീണ്ടും ഫോണിൽ മാപ്പ് എടുത്തു നോക്കി. ഇനിയൊറ്റ സിഗ്നലും കൂടിയേ കടക്കാനുള്ളു അവിടെ അടുത്താണ്. കാലുകൾ അത് കേൾക്കേണ്ട താമസം നടത്തത്തിന്റെ വേഗം കൂട്ടി. ആ റോഡിന്റെ അറ്റം എത്തിയപ്പോഴാണ് അടുത്ത തടസ്സം. വലിയൊരു ജാഥ റോഡിലൂടെ കടന്നു പോകുന്നു. സിഖു കാരുടെ എന്തോ പരിപാടിയാണ്. ആരും തന്നെ അത് മുറിച്ചു കടക്കുന്നില്ല. ഞങ്ങളും ശ്രമിച്ചില്ല. അവിടെ അങ്ങനെ തന്നെ നിന്നു.

ഒരു സിഖ് വീര ജാഥ

നല്ല ജനപങ്കാളിത്തമുണ്ട് ജാഥയിൽ. ശ്രദ്ധിച്ചു നോക്കിയപ്പോൾ നമ്മുടെ നാട്ടിൽ സാധാരണ കണ്ടുവരുന്ന ജാഥകളിൽ നിന്നും അസാധാരണമായ ചില സംഗതികൾ ദർശിച്ചു. ചുമ്മാതെ കൂട്ടം കൂടി കൊടിയുമേന്തി നടത്തമല്ല. ഓരോ ചെറു സംഘങ്ങളായാണ് നീങ്ങുന്നത്. മുൻപില് കുറച്ച് തലമൂത്ത (മുടിനരച്ച) ആണുങ്ങൾ ഒരു ബാനറുമേന്തി കടന്നുപോയി. അതിൽ ഒരു ചിത്രം ഗുരു നാനക്കായിരുന്നു എന്ന് ഉറപ്പാണ്. ബാക്കിയൊന്നും കണ്ടുപിടിക്കാനുള്ള സമയം കിട്ടിയില്ല. പിന്നാലെ വന്നത് ഒരു ബാന്റ് സംഘമാണ്. അവർ അവിടെ മുമ്പോട്ട് കയറി നിന്ന് അല്പനേരം അത് കൊട്ടിക്കൊണ്ടിരുന്നു. പിറകെ സ്ത്രീകളുടെ ഒരു പായ്ക്ക് വന്നു. അവർക്ക് പിറകെ നടന്ന വഴി വൃത്തിയാക്കി കൊണ്ട് നാലു നിഹാംഗുകൾ വന്നത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. കുറച്ച് നേരം കൂടി ഇങ്ങനെ ജാഥ തുടർന്നു കൊണ്ടിരുന്നു. വിശപ്പിന്റെ വിളിയിൽ മടുപ്പ് ഏറി വന്നു. അടുത്ത ഗ്യാപ്പിൽ റോഡ് ക്രോസ് ചെയ്യാൻ തീരുമാനിച്ചുറപ്പിച്ചു. കാണാവുന്ന സകല വഴിക്കും ബ്ലോക്കാണ്. ഇതെപ്പോൾ തീരുമെന്നായിരിക്കും എല്ലാവരും കരുതുന്നത് എന്ന് ഞാൻ കരുതി. അങ്ങനെ പെട്ടെന്ന് തന്നെ ഒരു അവസരം തരപ്പെട്ടു. അല്പം മോഡിഫൈ ചെയ്ത ഓപ്പൺ കാറുകൾ രണ്ടും മെല്ലെ ഉരുട്ടിക്കൊണ്ട് കാറിനെക്കാൾ മോഡിഫൈഡായ യൂത്തന്മാർ കടന്നു പോയി. ചില പഞ്ചാബി ഗാനങ്ങളുടെ യൂട്യൂബ് വീഡിയോകളിൽ ഞാൻ ഇതുപോലത്തെ സാധനങ്ങളെ കണ്ടിട്ടുള്ളത് പെട്ടെന്നോർമ്മയിൽ വന്നു.

നിഹാംഗുകളുടെ പ്രകടനം

  പിറകെ അല്പം അകലെയായാണ് അടുത്ത വാഹനം. അതൊരു ബസ്സായിരുന്നു. സ്കൂൾ ബസ്സ് പോലത്തെയൊന്ന്. അതിന്റെ മുകളിൽ ചില ആളുകൾ ഇരിക്കുന്നു. മുന്നിലിരിക്കുന്ന താടി നീട്ടി വളർത്തിയ അപ്പൂപ്പന് പിന്നിൽ നിന്നും ഒരാൾ വെഞ്ചാമരം പോലെന്തോ സാധനം വീശി കൊടുക്കുന്നു. ആ വണ്ടിക്ക് പിന്നിലായി പിന്നെയും നീളത്തിൽ ആളു കിടപ്പുണ്ട്. ഈ മന്ദാകിനി അടുത്തെത്തും മുൻപേ കടക്കണം, അല്ലെങ്കിൽ ഉടനെ അടുത്തൊരവസരം വലിയ പാടാണ്. പക്ഷേ ബാക്കിയുള്ളവരൊന്നും കടക്കാത്തതെന്താണ്? ചിന്തിച്ചു മുഴുമിക്കും മുന്പേ എന്റെ വയറിന്റെ കർശന നിർദ്ദേശത്താൽ കാലുകൾ നീങ്ങി. പിന്നാലെ നാസിലിന്റെയും.

വഴി മുക്കാലും കടന്നില്ല, ആരോ എന്റെ രണ്ടു തോളിലും മുറുകെ പിടിച്ചു. തൂക്കിയെടുത്ത് നേരത്തെ നിന്നിരുന്നിടത്ത് കൊണ്ടു വച്ചു. നാസിലും അവിടെ എത്തിയിട്ടുണ്ട്. ഞാനയാളെ നോക്കി. നിഹാംഗാണ്. എന്റെ ഔചിത്യബോധം തക്ക സമയത്ത് ഉണർന്നു. ഞാൻ കൈകെട്ടി ചുരുങ്ങി നിന്നു. എന്തുകൊണ്ടാണ് ആരും ജാഥ മുറിച്ചു കടക്കാൻ മുതിരാഞ്ഞത് എന്ന് എനിക്ക് മനസ്സിലായി. ആളുകൾ ഞങ്ങളെ തന്നെ നോക്കി നിന്നു. ജാഥയിൽ കടന്നു പോയ യുവതികളിൽ ചിലർ ചിരിയടക്കാൻ പാടുപെടുന്നതു പോലെ തോന്നി. ഞങ്ങളും അവരെ നോക്കി ചിരിച്ചു, ലവലേശം നാണമില്ലാതെ (നമ്മളെന്തിന് നാണിക്കണം?).

കുറച്ച് കഴിഞ്ഞ് ഇതേ നിഹാംഗുകൾ തന്നെ ആളുകൾക്ക് വഴി കടക്കാനുള്ള അവസരം ഉണ്ടാക്കി തരും. അതു വരെ അവിടെ കാത്ത് നിൽക്കുക എന്നതാണ് നമ്മുടെ കർമ്മം. അങ്ങനെ കാത്തു കടന്നു കഴിഞ്ഞ് ഞങ്ങൾ റസ്റ്റ്രന്റിനു മുൻപിലെത്തി. എന്തെന്നില്ലാത്ത ആശ്വാസം. പക്ഷേ ജെയില്‍ തീം ഞങ്ങളുടെ ബഡ്ജറ്റ് മാർജിനെ അപ്പാടെ തകിടം മറിക്കുന്നതിനാൽ, ഭക്ഷണം മറ്റൊരിടത്ത് നിന്നും കഴിച്ച് വിശപ്പടക്കി.

 

നേതാജി ഭവൻ

എൽഗിൻ റോഡിലേക്ക് കടന്ന ശേഷം അല്പം ദൂരമേ നേതാജിയുടെ ഭവനത്തിലേക്കുണ്ടായിരുന്നുള്ളു. റോഡ് സൈഡിലായി സ്ഥിതി ചെയ്യുന്ന ഈ കെട്ടിടം മുമ്പ് കണ്ട ജൊറാസങ്കൊ താക്കുർബാരി പോലെ കൊട്ടാരസമാനമൊന്നുമല്ല. നേതാജിയുടെ പിതാവായ ജെ.എൻ. ബോസാണ് ഈ ഗൃഹം പണികഴിപ്പിച്ചത്. ഒരു മെമ്മോറിയൽ കണക്കെ നിലനിർത്തി പോരുന്നയിടം നേതാജി റിസർച്ച് ബ്യൂറോക്ക് കീഴിലെ ഗവേഷണ കേന്ദ്രം കൂടിയാണ്. അദ്ദേഹത്തെക്കുറിച്ചുള്ള പഠനങ്ങളുൾപ്പെടുത്തിയ ഒരു ലൈബ്രറിയും, ആർക്കൈവുകളും ഇതിന്റെ ഭാഗമായിവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. 

സ്വാതന്ത്ര്യസമരത്തിന്റെ അവസാന ദശാബ്ദത്തിൽ ഉയർന്ന് വന്ന യുവനേതാക്കളിൽ പ്രധാനി, ലക്ഷ്യം മാർഗത്തെ സാധൂകരിക്കുമെന്ന് വിശ്വസിച്ച് പ്രത്യയശാസ്ത്രങ്ങളിൽ ഗാന്ധിയെ ബഹുമാനപൂർവ്വം എതിർത്ത് കോൺഗ്രസിൽ നിന്നും പുറത്ത് പോയ, പിന്നീട് ഐ.എൻ. എയിലൂടെ ബ്രിട്ടനെതിരെ ആയുധമെടുക്കാൻ ഭാരതീയരോട് ആഹ്വാനം ചെയ്ത് മുന്നിൽ നിന്നും നയിച്ച യോദ്ധാവ്. സാഹസികൻ. നിഗൂഢതകൾ വിട്ടൊഴിയാത്ത വ്യക്തിത്വം. അങ്ങനെയുള്ള അദ്ദേഹത്തിന്റെ  വീട്ടിൽ എന്നെ ഏറ്റവും ആകർഷിച്ചത് പുറത്ത് ഒരു ചില്ല് കൂട്ടിൽ കിടക്കുന്ന പഴയ ജർമൻ വാൻഡറർ സെഡാൻ കാറാണ്.  എഴുപത്തിയാറ് വർഷങ്ങൾക്ക് ശേഷവും റീസ്റ്റോർ ചെയ്ത് സംരക്ഷിക്കുന്ന വണ്ടി. അതിനൊരു തക്ക കാരണവുമുണ്ട്. 1941-ൽ, തന്നെ വീട്ടു തടങ്കലിലിട്ട ബ്രിട്ടീഷുകാരുടെ കണ്ണു വെട്ടിച്ച് നടത്തിയ ദ് ഗ്രേറ്റ് എസ്കേപ്പിന്റെ കഥ കൂടിയാണത്. ഈ നേതാജി ഭവനിൽ നിന്നും മുങ്ങി പല വേഷങ്ങളിൽ പല ദേശങ്ങൾ കടന്ന് ഒടുക്കം ബെർലിനിൽ പൊങ്ങിയ ആ സാഹസിക യാത്ര ആരംഭിച്ചത് അതിനെല്ലാം മൂകസാക്ഷിയായ ഈ  കാറിനകത്ത് ഒളിച്ചു കടന്നുകൊണ്ടാണ്. സായിപ്പിന്റെ ഇന്റലിജൻസും പോലീസും സകലയിടങ്ങളും അരിച്ചുപെറുക്കിയെങ്കിലും കാര്യമുണ്ടായില്ല. അദ്ദേഹം മരണപ്പെട്ടുവെന്ന തരത്തിലുള്ള വാർത്തകളും അക്കാലത്ത് പ്രചരി(പ്പി)ച്ചിരുന്നു.പിന്നീട് 1942 ‘ കൺട്രീമെൻ, കീപ്പ് ഫൈറ്റിംഗ് ‘ എന്നാരംഭിക്കുന്ന ശബ്ദരേഖ ആസാദ് ഹിന്ദ് റേഡിയോയിലൂടെ പുറത്ത് വന്നതോടെയാണ് അത്തരം അഭ്യൂഹങ്ങൾ കെട്ടടങ്ങിയത്. 

നേതാജി ഭവൻ

സ്വാതന്ത്ര്യസമരത്തിന്റെ ബുദ്ധികേന്ദ്രമായിരുന്ന ബംഗാളിന്റെ സ്വതന്ത്ര ഭാരതത്തിലെ ഇന്നത്തെ രാഷ്ട്രീയ പരിതസ്ഥിതി എടുത്തുപറയത്തക്ക മഹത്തരമൊന്നുമല്ല. കൊൽക്കത്ത എന്ന നഗരത്തിനപ്പുറത്തേക്ക് അതിന്റെ ഉൾക്കാഴ്ചകൾ പരിചിതമല്ലെങ്കിൽ കൂടി, ഒന്നുറപ്പാണ്. രാജ്യത്തിനും സഹജനങ്ങൾക്കും വേണ്ടി ജീവൻ ത്യജിക്കാൻ സന്നദ്ധരായിരുന്ന സാധാരണക്കാരായ നേതാക്കളിൽ നിന്നും ഒന്നും തന്നെ വിട്ടുകൊടുക്കാൻ തയ്യാറല്ലാത്ത അസാധാരണക്കാരായ നേതാക്കളിലേക്കുള്ള പരിവർത്തനം പ്രഥമദൃഷ്ട്യാ സ്പഷ്ടമാണ്. ഇന്ത്യയിലിന്നെങ്ങും ഈ വസ്തുത നിലനില്‍ക്കുന്നു എന്നതും വാസ്തവം.

നിരത്തിൽ ഒരു വംഗസുന്ദരി

അവിടെ നിന്നും പുറത്തിറങ്ങുമ്പോൾ റോഡിനെതിർവശത്ത് ഒരു മാൾ കാണാം. ഫോറം മാൾ. നേരത്തെ ടാഗോറിന്റെ വീട്ടുപഠിക്കൽ നില്‍നില്ക്കുമ്പോഴും ഇങ്ങനൊന്ന് ശ്രദ്ധയിൽപ്പെട്ടിരുന്നു. അത് പക്ഷേ റിലയന്‍സ് ബസാറായിരുന്നു. പ്രവർത്തിയിൽ രണ്ടും ഒന്ന് തന്നെ. ഒന്ന് വാങ്ങാൻ വന്നവനെക്കൊണ്ട് പത്ത് വാങ്ങിപ്പിക്കുന്ന, ഒന്നും വേണ്ടാത്തവനെക്കൊണ്ട് എന്തെങ്കിലുമൊക്കെ വാങ്ങിപ്പിക്കുന്ന ധൂർത്താടനകേന്ദ്രങ്ങൾ. ഒരുപക്ഷെ ഇന്ന് ജീവിച്ചിരിക്കുന്നെങ്കിൽ തന്റെ യൂണിഫോർമിന്‍റെ പോക്കറ്റിൽ കൈയ്യുമിട്ട് നേതാജി, ഫോറം മാളിന്റെ അകത്തളത്തളിൽ കുമിയുന്ന, ബ്രാൻഡുകളിലും ഫ്രീ-വൈഫൈയിലും ഭ്രമിക്കുന്ന ഞങ്ങൾ യുവത്വത്തെ പറ്റി അഭിമാനം പൂണ്ട് എസ്കലേറ്ററുകളിങ്ങനെ കയറിയിറങ്ങി നേരം കൊല്ലുന്നുണ്ടാകും. വൃദ്ധസദനത്തിലാക്കിയിട്ടില്ലെങ്കിൽ, സാമാന്യം ഭേദപ്പെട്ട സോഷ്യല്‍ സെക്യൂരിറ്റി അനുഭവിക്കുന്ന ടാഗോറിപ്പോൾ ബിഗ് ബസാറിൽ ബില്ലിംഗിനായി ക്യൂ നില്‍നില്ക്കുകയാവും. സ്പോട്ടിഫൈയിൽ രബീന്ദ്ര സംഗീതത്തിന്റെ കവർ വേർഷൻ കേട്ട് നന്നായി ആസ്വദിച്ച് കൊണ്ട് ബോറടി മാറ്റുന്നുണ്ടാകാം.

“അയ്യോ!” ഇങ്ങനെയൊക്കെ ആലോചിക്കാൻ പാടുണ്ടോ? വല്ല്യേട്ടന്മാർക്കിഷ്ടപ്പെട്ടില്ലെങ്കിലോ. ആർക്കെങ്കിലും വേദന തുടങ്ങും മുമ്പേ ജയിലഴിക്കുള്ളിലാകും മുമ്പേ ചിന്തകളുടെ ഉട്ടോപ്യയിൽ നിന്നും ഞാൻ വർത്തമാന കാലത്തെ ഇന്ത്യയിലേക്കിറങ്ങി വന്ന് ഒന്നും മിണ്ടാതെ നാസിലിനെ അനുഗമിച്ചു. പ്രസിദ്ധമായ ഇന്ത്യൻ മ്യൂസിയത്തിലേക്കാണ് ഞങ്ങളുടെ നടത്തം. വഴിയിൽ വീണ്ടും ഒരു ചായക്കടയിൽ കയറി. വിശ്രമിക്കാൻ ലഭിച്ച അവസരത്തിൽ കാലുകൾ രണ്ടും സന്തോഷവാന്മാരായി. പക്ഷേ അവരുഷാറ് വീണ്ടെടുക്കും വരെ അവിടെയിരിക്കാൻ കഴിയില്ല. അപ്പോഴാണ് അതു വഴിയെ ഒന്നു രണ്ട്  മഞ്ഞടാക്സികൾ കടന്ന് പോയത്. ഞാൻ നാസിലിന്റെ മുഖത്തേക്ക് നോക്കി.അവന് കാര്യം പിടികിട്ടി. കാരണം, അവന്റെ കാലുകളും പറയുന്നുണ്ടായിരുന്നു: ‘ടാസ്കി വിളിയെടാ’ എന്ന്. അങ്ങനെ ഒരു ടാക്സി വിളിച്ചു. മ്യൂസിയം വരെ നൂറ് രൂപയാണ്. പടുവൃദ്ധനായ ഡ്രൈവർ. യാത്രക്കാരുടെ ശ്രദ്ധയ്ക്കെന്ന സിനിമയിൽ ഇന്നസെന്റിന്റെയടുത്ത് ഡ്രൈവിംഗ് പഠിക്കാൻ വരുന്ന വൃദ്ധവിദ്യാർത്ഥിയുണ്ട്. ആ മൂപ്പരാണോയീമൂപ്പരെന്ന് സംശയമില്ലാതിരുന്നില്ല. വെറുമൊരു ടാക്സി യാത്രയല്ലിത്. ഇവിടുത്തെ സിഗ്നേച്ചർ റൈഡുകളിലൊന്നാണ് മഞ്ഞ ടാക്സികളും, ട്രാമുകളും.  ട്രാമുകളൊന്നും അന്നേരം വരെയും കണ്ണിൽപ്പെട്ടിരുന്നില്ല. അത് കൊണ്ട് ഈ നൂറു രൂപയുടെ ലക്ഷ്വറി അല്പം സ്പെഷ്യലാണ്. അങ്ങനെ വണ്ടിയുടെയും ഡ്രൈവറുടെയും കാറ്റ് പോകും മുമ്പ് ഞങ്ങൾ ലക്ഷ്യസ്ഥാനത്ത് അസ്വാസ്ഥ്യങ്ങളില്ലാതെയെത്തി. 

ഡ്രൈവർ ആശാൻ

“അമ്പോ!”, ടിക്കറ്റെടുത്ത് ഞാൻ വരുമ്പോൾ നാസിൽ മ്യൂസിയത്തിന്റെ വലുപ്പമൊന്ന് കണക്കുകൂട്ടി ആശ്ചര്യം പ്രകടിപ്പിച്ചതാണ്.  കൂടുതൽ അമ്പരപ്പുകൾ അകത്ത് കാത്തിരിപ്പുണ്ടായിരുന്നു.  സത്യത്തിൽ മ്യൂസിയത്തിന്റെ പ്രാധാന്യത്തെപ്പറ്റി ഒരു ചുക്കുമറിയാതെയാണ് അതിനകത്തേക്ക് കയറിച്ചെന്നത്.ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാളിന്റെ താല്പര്യത്താൽ 1814-ൽ സ്ഥാപിതമായതാണെന്നോ, ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന മ്യൂസിയങ്ങളിലൊന്നാണെന്നൊന്നും അറിയില്ലായിരുന്നു. പണ്ട് ഞായറാഴ്ചകളിൽ രാവിലെ സൂര്യ ടിവിയിൽ കുട്ടികൾക്കായി ചില ഇംഗ്ലീഷ് സിനിമകൾ ഡബ്ബ് ചെയ്തിടാറുണ്ട്. തൊണ്ണൂറുകളില്‍ ജനിച്ച മിക്ക മലയാളിക്കുട്ടികളും അതിന്റെ പ്രേക്ഷകരായിക്കും.അതിൽ റിപ്പീറ്റടിച്ചു വരുന്ന ഒരു പടമുണ്ട്. ബെൻ സ്റ്റില്ലർ നായകനായിട്ടുള്ള ‘ ദ് നൈറ്റ് അറ്റ് ദ മ്യൂസിയം’. ഏതാണ്ട് ആ ഒരു സെറ്റപ്പാണിവിടെയും. അഞ്ചാറ് സെക്ഷനുകളിലായി പത്ത് മുപ്പത് ഗ്യാലറികളിൽ ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള സാമഗ്രികളുടെ കളക്ഷൻ. ദിനോസറിന്റെയും ആനകളുടെയും സ്കെലിട്ടനും മറ്റുമടങ്ങിയ ഫോസിലുകളുടെ സെക്ഷനും ഗാന്ധാര സ്കൂളിൽപ്പെടുന്ന ധ്യാനത്തിലിരിക്കുന്ന  ബുദ്ധ പ്രതിമയുള്ള ആർട്ട് സെക്ഷനുമായിരുന്നു എനിക്കേറ്റവും ഇഷ്ടപ്പെട്ടത്. റീസ്റ്റോർ ചെയ്തിരിക്കുന്ന ഈജിപ്ഷ്യൻ  മമ്മികളുടെ ആധികാരികതയെപ്പറ്റി ചിന്തിച്ചു നടക്കുകയായിരുന്നു നാസിൽ.കാഴ്ചകളൊക്കെ കണ്ടുതീർന്ന ശേഷം ഞങ്ങൾ ഒന്നാം നിലയിലെ വിശാലമായ കോറിഡോറിലുള്ള ഇരിപ്പിടങ്ങളില്‍ ഒന്നില്‍ പോയിരുന്നു. ഞങ്ങളുടെ അടുത്തിരുന്ന കുട്ടി മ്യൂസിയത്തിന്റെ ഒരു ഭാഗം സൂക്ഷ്മമായി നിരീക്ഷിച്ച് തന്റെ ഹാൻഡ് ബുക്കിൽ സ്കെച്ച് ചെയ്യുന്നു. ഇവിടെ തന്നെ പലയിടത്തായി ഈ കാഴ്ച കാണാം. ആർട്ട്/ആർക്കിട്ടെക്ചർ വിദ്യാർത്ഥികളോ എന്തൂസിയാസ്റ്റുകളോ ആയിരിക്കണം.

ഇന്ത്യൻ മ്യൂസിയം

അത്ഭുതം തോന്നുംവിധം ഒരു മ്യൂസിയം ഞാൻ ഇതിന് മുൻപ് കണ്ടിട്ടുള്ളത് ആറേഴ് വർഷങ്ങൾക്ക് മുമ്പാണ്. ഹൈദരാബാദിലെ സലർജംഗ് മ്യൂസിയമാണത്. മത്സരമൊന്നുമില്ലെങ്കിലും, കൊൽക്കത്തയിലെ ഈ ഇംപീരിയൽ മ്യൂസിയം സലർജംഗിനെക്കാളും ജനപ്രിയമായിരിക്കുമെന്നാണ് എന്റെ പക്ഷം. പെട്ടെന്ന് ഒരു ബാൻഡ് മേളം കാതിൽ മുഴങ്ങി. നാസിൽ ഓടിച്ചെന്ന് താഴെ നടുമുറ്റത്തേക്ക് എത്തിച്ചു നോക്കി. ഞാനും ചെന്നു. പരേഡ് റിഹേർസലായിരുന്നു. ഫോർസ് ഏതാണെന്നൊന്നും മനസ്സിലായില്ല. അത് കണ്ടുകൊണ്ട് അല്പനേരം കൂടി ഞങ്ങളവിടെ നിന്നു. ശേഷം മ്യൂസിയത്തിന് പുറത്തേക്കിറങ്ങി. നേരം സന്ധ്യയാകുന്നു.

ഇന്ത്യൻ മ്യൂസിയം

കൊല്‍ക്കത്തയെക്കുറിച്ച് മുന്‍പ് നടത്തിയ ഒരു വായനയില്‍ ഇന്‍റര്‍നെറ്റില്‍ കണ്ട ഒരു ചിത്രം എന്റെ മനസ്സിലുണ്ടായിരുന്നു. അതെവിടെ ആണെന്നോ എന്താണെന്നോ ഒന്നുമെനിക്ക് ഓര്‍മയുണ്ടയിരുന്നില്ല. എങ്കിലും ആ ചിത്രം മാത്രം അങ്ങനെ തെളിഞ്ഞു വന്നു. ഒരു പക്ഷെ ഇംഗ്ലീഷ് സിനിമകളില്‍ എല്ലാവരും കണ്ടിട്ടുണ്ടാകും. വൈ റോഡിന്‍റെ വി കര്‍വില്‍ നിൽക്കുന്ന ഒരു കെട്ടിടം. മൂന്ന് റോഡും ചേരുന്നയിടത്ത് ആ കെട്ടിടത്തിന്‍റെ പ്രധാന വാതിലിമുണ്ടാകും ( ചിലപ്പോൾ താഴത്തെ നിലയിൽ ഇരുഭാഗത്തും കടമുറികളും കാണാം). കൊളോണിയൽ സ്റ്റൈൽ തന്നെ. ഇത് പക്ഷെ എങ്ങനെ ആരോടെങ്കിലും പറഞ്ഞു മനസ്സിലാക്കും? എവിടെയെന്ന് ചോദിക്കും? നാസിലിനു ഞാന്‍ പറഞ്ഞത് കേട്ട് എനിക്ക് വട്ടാണോയെന്നു തോന്നിയില്ലെങ്കില്ലേ അദ്ഭുതമുള്ളൂ. എന്തിനാന്നു കൂടി അറിയുമ്പോള്‍ അത് പൂര്‍ണമാവും. എനിക്കതിന്റെ ഒരു ഫോട്ടോ എടുക്കണം അത്രേയുള്ളു. ഞാന്‍ കുറച്ചുനേരം കൂടിയെടുത്ത് നെറ്റില്‍ പരതി. പാര്‍ക്ക്‌ സ്ട്രീറ്റില്‍ ആണ് കെട്ടിടമുള്ളതെന്ന് വിവരം കിട്ടി. പോവണോയെന്ന് നാസില്‍ വീണ്ടും ചോദിച്ചു. പോയി നോക്കാം എന്ന് ഞാന്‍ ശാഠ്യം പിടിച്ചു. മനസ്സില്ലാമനസ്സോടെ നാസിലും ആവേശത്തോടെ ഞാനും പാര്‍ക്ക്‌ സ്ട്രീടിലേക്ക് നടന്നു. ഈ ഇരുട്ടത്ത് ഇനി നല്ലൊരു ഫോട്ടോ കിട്ടുമോ എന്നുമാത്രമായിരുന്നു എന്റെ പേടി. കയ്ദ് സ്ട്രീടിലൂടെയാണ് പിന്നീടല്‍പനേരം ഞങ്ങള്‍ നടന്നത്. വഴിയില്‍ വീണ്ടും ഒരു ചായക്കായി ബ്രേക്ക്‌ എടുത്തു. മനസ്സിലെ ആവേശം കാലുകളിലേക്ക് എത്തുന്നേയില്ല. നല്ല കാലുവേദനയുണ്ട്. ഞാന്‍ ആ ചായക്കടക്ക് സൈഡിലുള്ള എടിഎമ്മിന്റെ പടികളിൽ കാലും നിവർത്തിയിരുന്നു. ചായ വാങ്ങാൻ നിന്ന നാസിൽ അവിടെ നിന്ന രണ്ട് വെള്ളക്കാര് ചങ്ങായിമാരോട് കാര്യമായ സംസാരമൊക്കെ കഴിഞ്ഞ്, മൺകോപ്പയിൽ നല്ല ചൂട് ചായയും ഒരു കൂട ബിസ്ക്കറ്റുമായി തിരിച്ചു വന്നെന്റടുത്തിരുന്നു. കുറച്ച് നേരം കൂടി അവിടെയിരിക്കാൻ വേണ്ടി ഗുപ്തനെ പോലെ വളരെ ആസ്വദിച്ചു ഊതിയൂതിയാണ് ചായ കുടിച്ചത്. ഇനിയും നടക്കണമല്ലോ എന്ന് കരുതി ഞങ്ങൾ രണ്ട് പേരും അവസാന കവിൾ ചായയിറക്കുമ്പോഴതാ, നേരേ എതിർവശത്തുള്ള ഗെയ്റ്റിലെ വിക്കറ്റ് ഡോർ ആരോ തുറക്കുന്നു. ഞങ്ങൾ ഇരുവരും ഗെയ്റ്റിനു മുകളിലെ ‘റ’ ഷെയ്പ്പിലുള്ള ബോർഡ് വായിച്ചു. അർമേനിയൻ കോളേജ്. വിക്കറ്റ് ഡോർ പൂർണ്ണമായും തുറന്നു. കണ്ണുകൾ വീണ്ടും അവിടേക്ക് നോട്ടമെറിഞ്ഞു. സ്ട്രീറ്റ് ലൈറ്റിന്റെ അരണ്ട മഞ്ഞ വെളിച്ചത്തിലേക്ക് ആ ഡോറിലൂടെ പർദ്ദയണിഞ്ഞൊരു പെൺകുട്ടിയിറങ്ങി വന്നു. അവളുടെ പച്ച നിറമുള്ള തിളക്കമാർന്ന കണ്ണുകൾ ഞങ്ങൾക്ക് ദർശനം നൽകി. ഞങ്ങളിൽ ഒരാളുടെ കയ്യിലെ മൺകോപ്പ, ആ നോട്ടം താങ്ങാനാവാതെ താഴെ വീണു തകർന്നു. ശേഷം തളർച്ച മറന്ന ഞങ്ങളുടെ പാദങ്ങൾ അവളുടെ പാദങ്ങളെ പിൻതുടർന്നു. പക്ഷെ റോഡിനിപ്പുറമുള്ള ഫൂട്പാത്തിലൂടെയാണെന്ന് മാത്രം. കാരണം വേറൊന്നുമല്ല, അവളുടെ പിന്നാലെയുള്ള സുഹൃത്ത്ഗണത്തിൽ ഒത്ത വണ്ണവും പൊക്കവുമുള്ള ചില ചെറുക്കന്മാരുണ്ടായിരുന്നു. പൊതുവെ സമാധാനപ്രിയരായ നാസിലിനും എനിക്കും ഈയൊരു സേഫ് ഡിസ്റ്റന്സ് ഉപകരിക്കുമെന്ന് തോന്നി. അങ്ങോട്ടെറിയുന്ന നോട്ടത്തിന് ഇങ്ങോട്ട് മറുപടി കിട്ടിയ നോട്ടങ്ങളും,കൊള്ളാതിരുന്ന തല്ലുകളും ഞങ്ങളെ വളരെ സേഫായിത്തന്നെ പാർക്ക് സ്ട്രീറ്റ് റോഡിലേക്ക് എത്തിച്ചു. ആ തെരുവിലെ ക്രിസ്തുമസ് ആഘോഷത്തിന്റെ പകിട്ടിൽ കണ്ണ് മഞ്ഞളിച്ച ഞങ്ങൾ തട്ടമിട്ട സുന്ദരിയെ അവിടെ കണ്ണൊഴിഞ്ഞു. എന്നിട്ട് സ്വമനസ്സാലെ പാർക്ക് സ്ട്രീറ്റിലെ ജനസാഗരത്തിലേക്ക് തീർത്തും അപ്രധാനമായ രണ്ട് ജലകണങ്ങളെ പോലെ അലിഞ്ഞുചേര്‍ന്നു.

പാർക്ക് സ്ട്രീറ്റ്

ആ ഒഴുക്കിന്റെ ഭാഗമായി നടക്കുകയായിരുന്നു പിന്നീടുള്ള കുറേ നേരം. വർണ്ണാഭമായ തെരുവ് ദൂരെ നിന്നും ആരോ ഗിറ്റാറിൽ പൊഴിക്കുന്ന വെസ്റ്റേൺ സംഗീതത്തിന്റെ അകമ്പടിയോടെ രാത്രിയെ പുണർന്നു. ഹൊ! എന്തൊരു ഭംഗി. മരിക്കണ നേരം വരെ ഈ നേരം മറക്കില്ലെന്ന് ഞാൻ എനിക്ക് തന്നെ വാക്ക് കൊടുത്തു. നാസിലും ഒരു അത്ഭുത ലോകത്ത് എത്തിയ പ്രതീതിയിലാണെന്ന് അവന്റെ മുഖം ലക്ഷണം പറഞ്ഞു. മുന്നോട്ടുള്ള വഴിയുടെ ഇരുവശത്തും ഞങ്ങൾ കാണുന്നത് പ്രതീക്ഷയുടെ ബിംബങ്ങളാണ്. ഈ തിങ്ങിനിറയുന്ന ആൾക്കൂട്ടത്തെ ആകർഷിച്ച് വർഷാവസാനത്തിൽ നല്ലൊരു വരുമാനം നേടി നിറചിരിയോടെ പുതുവർഷത്തെ വരവേൽക്കാനാകും എന്ന് സ്വപ്നം കാണുന്ന കച്ചവടക്കാർ. പോഷ് ബിയർ പാർലറുകളും ബ്രാന്റഡ് ക്ലോത്ത് സ്റ്റോറുകളും ഗിഫ്റ്റ് ഷോപ്പുകളും തൊട്ട് ആവി പറക്കുന്ന മോമോസ് സെന്ററുകളും മധുരം നിറച്ച പേസ്ട്രി ഷോപ്പുകളും പുസ്തകക്കടകളും വരെ അക്കൂട്ടത്തിലുണ്ട്. ഞങ്ങൾ പതുക്കെ നടന്ന് നടന്ന് വഴിയുടേ അറ്റത്തെത്തി. അവിടെ പള്ളിക്ക് സമീപത്തുണ്ടായിരുന്ന പാർക്കിൽ ഒരു കൺസേർട്ട് നടക്കുന്നുണ്ട്. ഇത്രയും നേരത്തെ നടത്തത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയവരെ ഒന്ന് കാണാൻ തീരുമാനിച്ച് ഞങ്ങൾ റോഡ് മുറിച്ചു കടന്നു. പാസില്ലാത്തവരെ പാട്ട് കാണിക്കില്ലത്രെ. അവിടത്തെ സെക്യൂരിറ്റി അല്പം കനത്തിൽ പറഞ്ഞു. “വേണ്ടാ! പാട്ട് കാണിക്കണ്ട, പുറത്ത് നിന്ന് കേൾക്കാലോ?അതോ ഇനി പുറത്തൂടെ പോണോരൊക്കെ കാത് പൊത്തിപ്പിടിക്കണംന്ന് കല്പനയിണ്ടോ ആവോ”. ഞാൻ കളിയായ് നാസിലിനോടെന്നോണം ചോദിച്ചു. “ശപ്പൻ! ങ്ട്ട് വരാ” എന്ന് നാസിലിന്റെ കൗണ്ടർ. ശേഷം എന്നോട് തിരിച്ചു പോകാമെന്ന് പറഞ്ഞു. ശരിയാണ്. സമയമുണ്ടെങ്കിലും നടത്തത്തിന്റെ വേഗത കണക്കിലെടുത്താൽ ഇപ്പം തിരിച്ചു നടന്നാലേ ട്രെയിനിന്റെ സമയത്ത് സ്റ്റേഷനിലെത്തുകയുളളു. ഇതിനിടയിൽ ക്വീൻസ് മാൻഷനെക്കുറിച്ചും അതിന്റെയൊരു ഫോട്ടോയെടുക്കാനുള്ള ആഗ്രഹവും മറന്നിരുന്നു. കാരണം വന്ന വഴിയത്രയും അർമേനിയക്കാരിയെ കണ്ണൊഴിഞ്ഞയിടത്തൂന്ന് വലത്തോട്ട് പോകണം. അത് കൊണ്ട് അതിനെപ്പറ്റി ചിന്തിച്ചിരുന്നെങ്കിലും നാസിലിനോട് പറയണ്ടെന്ന് കരുതി. അവനെയത്ര ദൂരം നടത്തി ബുദ്ധിമുട്ടിക്കാൻ എന്നിലെ നന്മ മരം അനുവദിക്കില്ല ( അല്ലാണ്ടെനിക്ക് വയ്യാഞ്ഞിട്ടല്ല).പാർക്ക് സ്ട്രീറ്റ്

അങ്ങനെ പാർക്ക് സ്ട്രീറ്റിലെ ആളും ബഹളവുമൊക്കെ വിട്ട് എങ്ങനെയൊക്കെയോ കറങ്ങി തിരിഞ്ഞ് ഞങ്ങൾ വീണ്ടും ചൗരംഗി റോഡിലെത്തി. തിരിച്ച് ഹൗറയിലേക്ക് നടക്കുകയാണ്. വഴി കാണിക്കാൻ ഗൂഗിളമ്മായിയോട് ആവശ്യപ്പെട്ടപ്പോൾ മൂപ്പത്തിയാരാണ് പോവുന്ന റൂട്ടില് ഈഡൻ ഗാർഡൻസുണ്ടല്ലോ, ഒന്ന് കണ്ടിട്ട് പോയ്ക്കൂടെയെന്ന അഭിപ്രായം മുന്നോട്ട് വച്ചത്. കേൾക്കേണ്ട താമസം, സ്പോർട്സ് എന്തൂസിയാസ്റ്റായ( എന്തൂട്ടാണാവോ?) നാസിലിന്റെ മുഖം തെളിഞ്ഞു. എനിക്കും സന്തോഷം. നടത്തം ഒന്നൂടെ ഉഷാറായി വന്നു. ഉടനെ “നമ്മളിതു വരെ ഒരു ട്രാം പോലും കണ്ടില്ലല്ലോ?” എന്ന് നടത്തത്തിന്റെ വേഗം മുറിച്ച് കൊണ്ട് നാസിലിന്റെ ചോദ്യം. “ശ്ശെടാ! ശരിയാണല്ലോ”, സാധാരണ കൊൽക്കത്തയെപ്പറ്റിയുള്ള യൂട്യൂബ് വീഡിയോകളിലും ഫോട്ടോ സീരീസിലുമൊക്കെ സ്ഥിരം കാണുന്ന സംഗതികളിലൊന്നാണ് ട്രാമുകൾ. പക്ഷെ ഇത്ര നേരം നഗരപ്രദക്ഷിണം നടത്തിയിട്ടും മരുന്നിനൊരെണ്ണം ഞങ്ങളുടെ കണ്ണിൽപ്പെട്ടില്ലെന്നത് അതിശയം തന്നെ. ചിലപ്പോൾ ആനവണ്ടിക്കാരെപ്പോലെ ഇന്ന് സമരം വല്ലതുമായിരിക്കും എന്ന് പറഞ്ഞവനെ സമാധാനിപ്പിച്ചു. അത് കേട്ടതും ആ ഐക്കോണിക് ചിരിയടക്കി “ആയിരിക്കും,ആയിരിക്കും” എന്ന് നാസിലും തലയാട്ടി സമ്മതിച്ചു. ഒടുവിൽ ഒരു റൗണ്ടബൗട്ടിലാണ് നടത്തം ചെന്നെത്തിയത്. നടുക്ക് ഒരു പ്രതിമ നിൽപ്പുണ്ട്. മൂപ്പരുടെ പിറകിൽ ആകാശവാണിയുടെ കൊൽക്കത്ത നിലയം. അതിനുമപ്പുറത്താണ് ഈഡൻ ഗാർഡൻസ് എന്ന ആജാനബാഹു സ്റ്റേഡിയം. റോഡ് മുറിച്ച് കടക്കുമ്പോൾ ഞങ്ങളുടെ സൂക്ഷ്മ നിരീക്ഷണത്തിൽ പ്രതിമ പോലെ നിൽക്കുന്ന മനുഷ്യൻ സി.ആർ. ദാസാണെന്ന് മനസ്സിലായി. ദേശബന്ധു എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമര നേതാവ്. നേതാജി തന്റെ രാഷ്ട്രീയ ഗുരുവായി കണ്ട വ്യക്തിത്വം. പക്ഷെ അതല്ലല്ലോ ഇപ്പോഴത്തെ പ്രശ്നം. ആകാവാണിയുടെ മുൻപിലൂടെ രണ്ട് വഴിക്കും ഈഡൻ ഗാർഡൻസിലേക്ക് മാർഗ്ഗദർശിയുണ്ട്. ഏത് വഴിക്ക് പോകും എന്നതാണ് ഈ നിമിഷത്തിലെ പ്രധാന പ്രശ്നം. ഇതിനൊക്കെ ഗൂഗിളമ്മായിയെ ബുദ്ധിമുട്ടിക്കണോ. ഛെ! ഒരിക്കലുമരുത്. വണ്ടി (കാലുവണ്ടി) നേരേ ചലോ ടു റൈറ്റ്. കുറ്റം പറയരുതല്ലോ. ആ ഊഹം സ്വാഹയായിരുന്നു. പിന്നാമ്പുറത്തേക്കാണ് നേരേ ചെന്നുകയറിയത്. അവിടെയാണെങ്കിൽ റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നു. വഴി തെറ്റിയവരാണെന്ന് ആദ്യ കാഴ്ചയിൽ തോന്നിയിട്ടായിരിക്കാം ഞങ്ങൾ ഒന്നും ചോദിക്കാതെ തന്നെ പണിക്കാര് ചേട്ടന്മാർ എന്‍ട്രി ഗേയ്റ്റ് അപ്പുറത്താണെന്ന് ആംഗ്യം കാണിച്ചു. അല്ലെങ്കിലും അത് ആ ഭാഗത്തായിരിക്കും എന്നത് സാമാന്യം ബോധമുള്ളവർക്കറിയേണ്ടതാണ്. അതു പക്ഷെ ഒരു വിഷയമായ് പഠിക്കാനില്ലാത്തതിനാലും നടന്ന് നടന്ന് അടപ്പുതെറിച്ച പരുവമായത് കൊണ്ടും ഞങ്ങൾക്കിപ്പോ ആ സാധനം വർക്ക് ചെയ്യുന്നില്ല എന്ന് തോന്നുന്നു. എന്തായാലും ആകാശവാണി കെട്ടിടം വലം വച്ച് വീണ്ടും വന്ന വഴിയെ തിരിച്ചു നടന്നു. ഒടുവിൽ ഈഡൻ ഗാർഡൻസിന്റെ എന്ട്രി പോയിന്റിലെത്തി.

പാർക്ക് സ്ട്രീറ്റ്

അതെ, ഈഡൻ ഗാർഡൻസ്. നൂറ്റിയൻപത്തെട്ട് വർഷത്തിന്റെ പഴക്കമുള്ള, അറുപത്തിയാറിയിരത്തോളം കാണികളെ ഉൾക്കൊള്ളുന്ന, ലോകത്തിലെ തന്നെ മൂന്നാമത്തെ വലിയ സ്റ്റേഡിയം. ഞങ്ങൾ വരുന്നുണ്ടെന്ന് നേരത്തെ അറിയിക്കാഞ്ഞതിനാൽ ഗേയ്റ്റ് തുറന്നിട്ടിരുന്നില്ല. അല്പനേരം കാത്ത് നിന്നിട്ടും ആരെയും പുറത്ത് കാണാത്തത് കൊണ്ട് അകത്ത് കയറ്റുമോ എന്ന് ചോദിക്കാനും പറ്റിയില്ല. സാരമില്ല. പിന്നീടെപ്പഴെങ്കിലും ജീവിതമൊക്കെയൊന്ന് പച്ചപിടിച്ചിട്ട് (ക്ലാവിന്റെ പച്ചയല്ല,സമൃദ്ധിയുടെ പച്ച) ഇവിടെ ഒരു മാച്ച് തന്നെ സ്പോൺസർ ചെയ്തേക്കാമെന്ന് നാസിലിന്റെകമന്റ്. ഞാൻ മറഞ്ഞു വീഴാതിരിക്കാൻ ഉടനെ മതിലിലെ ഗ്രില്ലിൽ മുറുകെപ്പിടിച്ച് നിന്നു. ക്രിക്കറ്റാരവങ്ങളുടെ രസമാവാഹിച്ച ഒരു കാർട്ടൂൺ അവിടുത്തെ മതിലിലുണ്ടായിരുന്നു. അത് പശ്ചാത്തലമാക്കി ഞങ്ങളൊരു സെൽഫിയെടുത്തു. ശേഷം സ്റ്റേഡിയത്തിന്റെ ഒരു ഫുൾസ്കേപ് പടമെടുക്കാൻ റോഡ് മുറിച്ചു കടന്നു. ഒന്ന് രണ്ടെണ്ണം എടുത്തു. പിന്നെ അവിടുത്തെ കലുങ്കിൽ കുറച്ചു നേരം സ്റ്റേഡിയത്തിന് അഭിമുഖമായി ഇരുന്നു. പണ്ട് മത്സരപരീക്ഷകൾക്കുള്ള ചോദ്യോത്തരങ്ങളിൽ എത്രയോ തവണ ആവർത്തിച്ചു വായിച്ചിട്ടുള്ള പേരാണ്. സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ ഇന്ത്യൻ ടീമിലെത്തും മുൻപേ വിരമിക്കേണ്ടി വന്ന കണ്ടം ക്രിക്കറ്റിലെ ഇതിഹാസങ്ങളുണ്ട് നാട്ടിൽ. വല്ലപ്പോഴും ഞായറാഴ്ചകളിൽ ഞങ്ങൾ പിള്ളേരുടെ കളി കാണാൻ വരുമ്പോൾ പണ്ട് നടന്ന ചില ഗംഭീര ഗെയിമുകളുടെ വിവരണങ്ങളുണ്ടാവും ആ ചേട്ടന്മാരുടെ വക. അതിൽ സ്ഥിരം പറയുന്ന ഒരു ഇന്നിംഗ്സുണ്ട്. 2001ൽ ആസ്ത്രേലിയക്കെതിരെയുള്ള ടെസ്റ്റ് മത്സരത്തിൽ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ ദ്രാവിഡും ലക്ഷ്മണും കൂടി മുന്നൂറ്റിയെഴുപത്തിയാറ് റൺസ് അടിച്ചുകൂട്ടിയതിന്റെ കഥ. ഇവിടെയായിരുന്നു ആ കളി നടന്നത്. എനിക്ക് പക്ഷെ 2017ൽ ശ്രീലങ്കക്കെതിരായ ഏകദിനത്തിൽ രോഹിത് ശര്‍മയുടെ 246 റൺസിന്റെ ഇന്നിംഗ്സാണ് ഇവിടെ നടന്നിട്ടുള്ള മത്സരങ്ങളിൽ ഏറ്റവും പ്രിയമുള്ള ഓർമ്മ. കോളേജിൽ ചേർന്നതിൻ ശേഷമുള്ള ആദ്യത്തെ സീരീസ് പരീക്ഷകൾക്കിടയ്ക്കായിരുന്നു ആ സീരീസ്. ജിയോ-നെറ്റൈസേഷനു മുൻപുള്ള കാലം. അന്ന് കാരപ്പറമ്പിലെ മെൻസ് ക്ലബ്ബിന്റെ പടിക്കൽ തിക്കി തിരക്കി നിന്നാണ് കൂട്ടുകാരുമൊത്ത് കളി കണ്ടത്. ഞാനങ്ങനെ നല്ലൊരു ഓർമ്മക്കയത്തിൽ വീഴാനിരിക്കെ നാസിൽ വന്നു രക്ഷിച്ചു. നടന്നാലോ എന്ന് ചോദിച്ചു. പിന്നെന്താ നടന്നേക്കാം എന്ന് ഞാനും.

ഈഡൻ ഗാർഡൻസ്

ബ്രിട്ടിഷുകാർ ഇന്ത്യ വിട്ടു പോയിട്ട് എഴുപത്തിയഞ്ചു വർഷമായെങ്കിലും ഈ ഇന്ത്യൻ നഗരം അതിന്റെ ഓർമ്മകളോട് പൂർണ്ണമായും വിടപറഞ്ഞിട്ടില്ല. ചില കൊളോണിയൽ സ്റ്റൈൽ കെട്ടിടങ്ങളും, മയോ,ഡഫ്രിൻ തുടങ്ങിയ വൈസ്രോയികളുടെ പേര് ചാർത്തിക്കൊടുത്ത റോഡുകളുമൊക്കെ അതിന്റെ ചില്ലറ ഉദ്ദാഹരണങ്ങളാണല്ലോ. അത്തരം ചിന്തകൾക്ക് തിരികൊളുത്തുന്ന ഒരു റൂട്ടിലൂടെയായിരുന്നു ഞങ്ങൾ പിന്നീട് നടന്നുകൊണ്ടിരുന്നത്. ഭരണകേന്ദ്രങ്ങളായ ബിദാൻ സഭയും രാജ്ഭവനുമൊക്കെ സ്ഥിതിചെയ്യുന്ന പ്രദേശമായതുകൊണ്ടും ഞായറാഴ്ച രാത്രിയായതുകൊണ്ടുമാകാം വലിയ ആളനക്കമൊന്നുമില്ലാത്ത വഴി. അവിടവിടെ ചില സുരക്ഷാ ഉദ്യോഗസ്ഥന്മാർ തമ്പടിച്ചിരിക്കുന്നത് കണ്ടു. ഹാവൂ! ആശ്വാസമായി. ഇനിയുള്ള വഴി സുരക്ഷിതമായിട്ട് നടക്കാലോ. അങ്ങനെ കുറച്ചു കൂടി മുന്നോട്ട് നടന്നപ്പോൾ നമ്മുടെ റിസർവ് ബാങ്ക് കെട്ടിടത്തിനടുക്കലെത്തി. പക്ഷെ ആ സമയം ശ്രദ്ധ പോയത് കമ്മട്ടത്തിലേക്കല്ല, അപ്പുറത്തുള്ള മറ്റൊരു കെട്ടിടത്തിലേക്കാണെന്നതാണ് ഹൈലൈറ്റ്. ‘റൈറ്റേർസ് ബിൽഡിംഗ് ‘. ഉം. ബംഗാൾ സാഹിത്യസർഗ്ഗവാസനകളുടെ പ്രഭവ കേന്ദ്രമാണല്ലോ. അപ്പോൾ അത്തരം എഴുത്തുകാരൊക്കെ ഒത്തുകൂടുന്ന സ്ഥലമായിരിക്കും എന്ന് ഞാൻ കരുതി. പക്ഷെ അവിടെയെന്തിനാണ് ആയുധധാരിയായ ഒരു പാറാവ്കാരൻ. ഒരാളല്ലാ, കുറച്ചധികം പേരുണ്ട്. ഇനിയിപ്പോ തലയ്ക്ക് വില പറഞ്ഞിരിക്കുന്ന എഴുത്തുകാരെങ്ങാനും അതിനകത്തിരുന്ന് തന്റെ അവസാന പുസ്തകത്തിന്റെ മിനുക്കുകളിലാണെങ്കിലോ? ഒരു കൽബുർഗിയോ ഗൗരി ലങ്കേഷോ സൽമാൻ റുഷ്ദിയോ അതിനകത്ത് ഉണ്ടാവില്ലെന്നാര് കണ്ടു. അവർക്ക് സ്റ്റേറ്റ് സംരക്ഷണം കൊടുക്കുന്നതാണെങ്കിലോ? (ആഹാ എത്ര മനോഹരമായ നടക്കാത്ത സ്വപ്നം). അങ്ങനെയെങ്കിൽ പാറാവുകാരും ആയുധങ്ങളേന്തിയുള്ള അവരുടെ നില്പും മസ്റ്റ് തന്നെ. ഇങ്ങനെയൊക്കെ കാടുകടന്ന് ചിന്തിച്ച് ഓരോ തിരുമണ്ടൻ ഉത്തരങ്ങളിലേക്കെത്താൻ എനിക്ക് ഒരു പ്രത്യേക വാസനയാണ്. അല്ല ഞങ്ങൾക്കൊരു പ്രത്യേക വാസനയാണ് ( മേല്പറഞ്ഞ കൺക്ലൂഷനൊക്കെ നാസിലും ശരിവച്ചതാണ്). അങ്ങനെ മണ്ടൻ മുൻവിധികളുടേ അമിതഭാരവുമായ് ഞങ്ങൾ റൈറ്റേർസ് ബിൽഡിംഗിലേക്ക് ചെന്നു. ഉടനെ, കുട്ടികൾ ഒറ്റത്തോളിൽ ബാഗിടുന്നത് കണക്കെ തോക്കേന്തിയ ഒരാൾ ഞങ്ങളുടെ അടുക്കലേക്ക് ഓടിയടുത്തു. അയാൾ “ആരാ? എന്തായിവിടെ?” എന്നായിരക്കണം ചോദിച്ചത്. മറുപടി പറയാനുള്ള എന്റെ വ്യഗ്രതയും പറയാൻ പോകുന്ന ” ഹം ആപ് കെ ഹേൻ കോൻ” ( ഞാൻ എന്ന ഹിന്ദി മുൻഷി) എന്ന മറുപടിയും ഒട്ടും ശരിയല്ലെന്ന ഉൾവിളിയുണ്ടായത് കൊണ്ട് ഞാൻ പല്ലിളിച്ച് നിന്നു. ഭാഗ്യം! നാസിലാണ് സംസാരിച്ചത്. ഞങ്ങൾ ടൂറിസ്റ്റുകളാണെന്നും ഈ ബിൽഡിംഗ് ഒന്ന് കാണാൻ വന്നതാണെന്നും പറഞ്ഞപ്പോൾ അയാൾ ഇവന്മാർക്കെന്താ വട്ടാണോയെന്ന മട്ടിൽ ഞങ്ങളെ അടിമുടിയൊന്ന് നോക്കിയ ശേഷം “ഇവിടെ ഒന്നുമില്ല, വേഗം കടക്ക് പുറത്ത്” (ഇത് അതല്ല) എന്ന് അല്പം കടുപ്പിച്ച സ്വരത്തിൽ പറഞ്ഞു. മൂപ്പർക്ക് നമ്മളെ അത്ര രസിച്ചില്ല എന്നെനിക്ക് തോന്നി. അയാളോടിനി തർക്കിച്ചിട്ടൊന്നും കാര്യമില്ല. ആഗമനോദ്ദേശം അയാളെ പറഞ്ഞു മനസ്സിലാക്കാനുള്ള ബംഗാളി ഭാഷാ പാണ്ഡിത്യമോ ഒരു മല്പിടുത്തത്തിനുള്ള ആവതോ ഞങ്ങൾക്കില്ലെന്ന തിരിച്ചറിവുള്ളതിനാൽ കഴിയുന്ന വേഗത്തിൽ തന്നെ അവിടെ നിന്നും സ്ഥലം കാലിയാക്കി (ഹും! ധൈര്യമുണ്ടെങ്കിൽ നീയൊക്കെ കേരളത്തിലോട്ട് വാടാ).

ഈഡൻ ഗാർഡൻസിലെ മതിൽ

വിശപ്പിന്റെ വിളി പതുക്കെ പതുക്കെ കേൾക്കാൻ തുടങ്ങിയിരിക്കുന്നു. പക്ഷെ അടുത്തൊന്നും ഒരു ചായക്കട പോലും തുറന്നതായ് കണ്ടില്ല. നടത്തം തന്നെ ശരണം.അയ്യപ്പാ! വിശപ്പിന്റെ വിളി കേട്ടില്ലെന്ന് നടിക്കാൻ ബോധപൂർവ്വം ഞാനൊരു ശ്രമം നടത്തി. അങ്ങനെയാണ് സത്യത്തിൽ റൈറ്റേർസ് ബിൽഡിംഗ് എന്ന് ആ കെട്ടിടത്തിന് പേര് വരാനുള്ള കാരണം അല്പം വൈകിയാണെങ്കിലും തിരിച്ചറിഞ്ഞത്. അമ്പടാ! നമ്മളുദ്ദേശിച്ച റൈറ്ററല്ല ബിൽഡിംഗിന്റെ പേരിൽ പറ്റി കിടക്കുന്ന റൈറ്റർ. സായിപ്പ് പണ്ട് ആപ്പീസിലെ എഴുത്തുകുത്തുകൾക്ക് നിയോഗിച്ച ക്ലാർക്കുമാരെ വിളിച്ചിരുന്നത് അങ്ങനെയായിരുന്നു. ആ റൈറ്റർമാരുടെ ആപ്പീസാണ് നമ്മുടെ പാറാവുകാരൻ പാറാവ് നിൽക്കണ റൈറ്റേർസ് ബിൽഡിംഗ്. നിലവിലും അത് ഒരു സർക്കാരാപ്പീസാണെന്ന് സാരം. ബ്രിട്ടീഷ് ടച്ച് വിടാത്തതിന്റെ ഓരോരോ കുഴപ്പങ്ങളെ. ഛെ! മോശമായിപ്പോയി. ഇതൊക്കെ നേരത്തെ വായിച്ചുവയ്ക്കേണ്ട കാര്യമായിരുന്നു. വെറുതെ ആ പാറാവുകാരനെ മനസ്സിൽ എന്തൊക്കെയോ ചീത്തവിളിച്ചു. മോശം.മോശം.വളരെ മോശം.”ഹാ! പിന്നെന്താ, എല്ലാത്തിനും അതിന്റേതായ സമയമുണ്ടല്ലോ? അല്ലെ ദാസാ.ഛെ! അല്ലെ നാസിലെ?” അല്ല എവിടെ? നാസിലെവിടെ? ഒന്ന് കണ്ണോടിച്ചപ്പോൾ അവനതാ അല്പം ദൂരെ, ഇടത്തോട്ട് ഒരു ഗല്ലിയിലേക്ക് കടക്കുന്നു. അവിടെ ഒരു ചായക്കടയുണ്ടായിരുന്നു. ഞാനും പതിയെ നടന്ന് അവിടെയെത്തി. ഓരോ ചായ വാങ്ങി കുടിച്ചതിനു ശേഷം വീണ്ടും ഓരോന്ന് കൂടി പറഞ്ഞു. അതിനായ് കാത്തു നിൽക്കെ ചുറ്റിലും ഒന്നു കണ്ണോടിച്ചപ്പോൾ അടുത്തുള്ള പടിക്കെട്ട് ചെന്നിറങ്ങുന്നത് ഒരു ഘട്ടിലേക്കാണെന്ന് മനസ്സിലായി. ചായ കിട്ടിയപ്പോൾ അതുമെടുത്ത് ഞങ്ങൾ അങ്ങോട്ടേക്കിറങ്ങി. അവിടെ ചെറിയൊരു മന്ദിറുണ്ടായിരുന്നു. എന്ത് പ്രതിഷ്ഠയാണെന്നൊന്നും വ്യക്തമായില്ല. ഒരാൾ അതിന്റെ മുൻപിൽ നിന്ന് കൈ തൊഴുതുകൊണ്ട് ഉച്ചത്തിൽ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു. വല്ല മന്ത്രങ്ങളൊക്കെയാവാനെ വഴിയുള്ളൂ. ഇതൊന്നും കൂസാതെ ചിലർ അപ്പുറത്ത് ആൽത്തറയിൽ സുഖമായ് ഉറങ്ങുന്നു. പടിക്കെട്ടുകളിലൊന്നിൽ ചായക്കോപ്പയും പിടിച്ച് ഞങ്ങളിരുന്നു. മുൻപിലതാ ഗംഗ ഹൂഗ്ലിയെന്ന വട്ടപ്പേരുടുത്ത് ധൃതിയിലങ്ങനെ പോവുന്നു. ബംഗാൾ ഉൾക്കടലിലെ തിരയെണ്ണാനാണീ പോക്ക്. നമ്മളെയൊന്നും കണ്ട ഭാവമില്ല. ജാടയാണെന്ന് കണ്ടപ്പോൾ ഞങ്ങളും മൈൻഡാക്കിയില്ല. അല്ലെങ്കിലും പ്രത്യേകം ലൈറ്റപ്പൊക്കെ ചെയ്ത് നല്ല സുന്ദരിയായ് അണിഞ്ഞൊരുങ്ങിയ ഹൗറാ പാലം അവിടെ നീണ്ട് നിവർന്ന് കിടക്കുമ്പോൾ ഈ ജാട നമ്മളെന്തിന് സഹിക്കണം? അവഗണിക്കുന്നുവെന്ന് ശരിക്കും മനസ്സിലാക്കി കൊടുക്കാൻ അവൾ നോക്കിനിൽക്കെ ഞാൻ വംഗ സുന്ദരി ഹൗറയുടെ കുറച്ച് ചിത്രങ്ങളെടുത്തു. വൈറ്റമിൻ എ’യുടെ കുറവുള്ള എന്റെ ഫോണാകട്ടെ രാത്രിയുടെ പശ്ചാത്തലത്തിൽ വർണ്ണങ്ങളണിഞ്ഞു നിന്ന ഹൗറയുടെ തനിമ അതേ പടി പകർത്തുന്നതിൽ തോറ്റു തൊപ്പിയിട്ടു ( എനിക്ക് ഫോട്ടോയെടുക്കാനറിയാം, കേട്ടോ). പക്ഷെ കൊള്ളേണ്ടവർക്ക് കൊണ്ടു. പടിക്കെട്ടിലേക്ക് ഒന്ന് ആർത്തലച്ചാണ് പുള്ളിക്കാരി നീരസം പ്രകടിപ്പിച്ചത്. പെട്ടന്ന് നാസിൽ നകുലനായ്. എന്നിട്ടൊരൊറ്റ വിളി ‘ഗംങ്ങേ’!

തിരിച്ച് പോകുമ്പോൾ ഇവിടെ നിന്നേതെങ്കിലും ഫെറി സർവീസ് പിടിക്കണമെന്നാണ് അക്കരെ നിന്നപ്പോൾ തീരുമാനിച്ചത്. അത് ഇനി ഏതായാലും നടക്കില്ല. നടക്കുന്ന ഒരേ കാര്യം നടത്തമാണ്. അതു തുടരാൻ പാന്റിലെ പൊടി തട്ടിയെഴുന്നേറ്റു. യാത്ര അവസാനിക്കാറായി എന്ന ചിന്ത ബുദ്ധി മണ്ഡലങ്ങളിൽ എങ്ങനെയോ കടന്നുകൂടി. മനസ്സിനതൊരു സങ്കടവും കാലുകൾക്കതൊരു ആശ്വാസവുമായി. ഇടയ്ക്ക് വച്ച് ഗൂഗിളമ്മായി ഞങ്ങളെ വഴിതെറ്റിച്ചു. നേരം കെട്ട നേരത്ത് ഏതോ ലോറിക്കാരുടെ താവളത്തിലേക്കാണ് നടന്നെത്തിയത്. ഒരു ഭാഗത്ത് നിറയെ കുടിലുകളായിരുന്നു. അതിന്റെ അപ്പുറത്തുള്ള വഴിയിൽ ആളും ബഹളവുമൊക്കെയുണ്ട്. അവിടെയാണ് ഞങ്ങളെത്തേണ്ടിയിരുന്നതും. ഇനി അത്രയും വഴി തിരിച്ചു നടക്കാൻ പ്രയാസമാണെന്ന് ഞാനും നാസിലും തുറന്ന് സമ്മതിച്ചു. ഒരു ഊടുവഴിയില്ലാതിരിക്കില്ല എന്ന ഞങ്ങളുടെ ഊഹം തെറ്റിയില്ല. ഒരെണ്ണം കണ്ടു പിടിച്ചു. ചാരി വച്ചിരുന്ന ട്രസ്സിന്റെ പാളിയല്പം അകത്തി നാസിലും ഞാനും അകത്ത് കടന്നു. കുറച്ച് നടന്നപ്പോൾ നല്ല പരിചയമുള്ള ഒരു ഹിന്ദി പാട്ട് കേട്ടു. ദൂരം കുറയെ ഞങ്ങൾ പാട്ട് കേട്ട് കൊണ്ടിരുന്ന ആളുകളുടെ അടുക്കലെത്തി. ഭയങ്കര ഗലീജ് സെറ്റപ്പാണ്. നാലഞ്ച് പേരുണ്ടായിരുന്നു. എമർജന്സി ലാമ്പിന്റെ അരണ്ട വെളിച്ചത്തിരുന്ന് ചീട്ടുകളി. കള്ള് കുപ്പി രണ്ടണ്ണം കയർക്കട്ടിലിൽ ബോധരഹിതരായ് കിടപ്പുണ്ട്. ഒരുത്തൻ ഇതിലൊന്നിലും സംബന്ധമില്ലാത്തവനെപ്പോലെ തിണ്ണയിൽ സിഗരറ്റ് (അല്ലെന്നും ആക്ഷേപമുണ്ട്) കത്തിച്ച് പുകയൂതുന്നു. അവന്റെ കയ്യിലിരിക്കുന്ന എഫ്.എം. റേഡിയോയിൽ നിന്നാണ് പാട്ട് പൊഴിയുന്നത്. രംഗീലയിലെ തൻഹാ തൻഹായാണ് അന്നേരം. ഞങ്ങളെ കണ്ടയുടനെ അവരൊന്ന് പരുങ്ങി. ഇവിടെ നമ്മുടെ ഉള്ളിൽ ജീവനില്ലാത്ത കാര്യം അവർക്കറിയില്ലല്ലോ. നാസിലവരോട് കാര്യം പറഞ്ഞു. എന്നെ നോക്കുമ്പോഴൊക്കെ ഞാൻ അതെയതെ എന്ന മട്ടിൽ തലയാട്ടി ചിരിച്ചു. എന്തായാലും അവർക്ക് സംഭവം പിടികിട്ടിയിട്ടുണ്ട്. അതിലൊരാൾ റേഡിയോ മുതലാളിയോട് ഞങ്ങൾക്ക് വേണ്ടി അപ്പുറത്തെ റോഡിലേക്കുള്ള പൂട്ട് തുറന്ന് കൊടുക്കാൻ പറഞ്ഞു. അദ്ദേഹം വല്ല്യ താല്പര്യമില്ലെങ്കിൽക്കൂടി ആടിയാടി പോയി അത് തുറന്നു. റേഡിയോയിൽ നിന്നും വന്ന ‘സാജനി’ലെ പാട്ടാണ് അപ്പോഴത്തെ പശ്ചാത്തല സംഗീതം. “ദേഖാ ഹെ പെഹലീ ബാർ ..സാജൻ കി ആംഖോം മേം പ്യാർ’….പക്ഷെ ഞങ്ങളുടെ കണ്ണിൽ പേടിയും, വിശപ്പും, കാലുവേദനയും, നിസ്സഹായതയുമൊക്കെ കൂടിക്കലർന്ന വികാരമാണുണ്ടായിരുന്നത്. പുറത്ത് കടക്കാൻ നേരം ഇപ്പൊ വരാമെന്ന് പറഞ്ഞ് നാസിൽ വീണ്ടും അകത്തേക്ക് പോയി. ഉടനെ രണ്ട് കുപ്പി വെള്ളവുമായി തിരിച്ച് വന്നു. ഒന്നെനിക്ക് തന്നു. മറ്റേതവനപ്പൊത്തന്നെ കുടിച്ചു തീർത്തു. “ഭയങ്കര ദാഹം”, അവൻ പറഞ്ഞു. അത് മനസ്സിലായെന്ന് ഞാനും. റേഡിയോ മുതലാളി ഞങ്ങളെ പുറത്താക്കി പടിയടച്ചു (പിണ്ഡം വച്ചില്ലെന്ന് തോന്നുന്നു). ഹാവൂ! ആശ്വാസം. ഞങൾക്കും അവർക്കും. അവിടെ നിന്നും അല്പം നടന്നപ്പോഴേക്കും ഒരു തട്ടുകട കണ്ടു. ദേ പിന്നേം ആശ്വാസം.

ഭക്ഷണം കഴിച്ച് അത്യാവശ്യം ഉഷാറൊക്കെയായപ്പോൾ നാസിലൊരു കഥ പറഞ്ഞു തുടങ്ങി. പ്രേമകഥയാണ്. സ്വന്തം അനുഭവങ്ങളാണോ, ആരാന്റെ കഥയാണോ ഇനിയിതൊന്നുമല്ല തള്ളിയതാണോ എന്നൊന്നുമറിയില്ല. പക്ഷേ കേട്ടിരിക്കാൻ ( നടക്കാനും) രസമാണ്. അത് കൊണ്ടായിരിക്കാം ഹൗറാ പാലത്തിലേക്ക് പടികയറുന്ന വരെയുള്ള ദൂരം ടക്ക്ന്ന് തീർന്നതു പോലെ തോന്നിയത്. ഞാനുമൊരു കഥ തിരിച്ച് തള്ളിയാലോയെന്ന് ആദ്യം കരുതി. പിന്നെയെന്തോ, വേണ്ടെന്ന് വച്ചു (കഥ അത്ര പോരാ). ഇവിടെ പാലത്തിനു താഴെ ഒരു പൂ മാർക്കറ്റുണ്ടായിരുന്നത് ഇങ്ങോട്ട് വരുന്ന വഴിക്ക് ശ്രദ്ധിച്ചിരുന്നു. നല്ല തിരക്കായിരുന്നു അപ്പോൾ. ഇപ്പോഴിവിടെ ഒരരൊറ്റക്കുഞ്ഞില്ല. എല്ലാവരും കടയടച്ച് പോയിരിക്കുന്നു. നേരം പത്ത് പത്തരയായല്ലോ. സ്വാഭാവികം.അരണ്ട മഞ്ഞ നിറത്തിലുള്ള വെളിച്ചം മുൻപോട്ടുള്ള വഴികളിൽ നിറഞ്ഞു നിൽക്കുന്നു. വണ്ടികളുടെ തിരക്ക് ശകലം കുറഞ്ഞിട്ടുണ്ടെന്ന് തോന്നി. ആളുകളും അധികമില്ല. പെട്ടെന്ന് റിച്ചാർഡ് ലിങ്ക്ലേറ്ററുടെ ‘ബിഫോർ ട്രിലജി’യെക്കുറിച്ചോർമ്മ വന്നു. നമ്മുക്കും അങ്ങനെയൊന്ന് എടുക്കണമെന്ന് നാസിലിനോട് പറഞ്ഞു. വർത്തമാനം കൂടുതൽ രസം പിടിച്ചു. ഐഡിയകളുടെ പ്രവാഹമായ് പിന്നെ. ഓരോ ഇന്ത്യൻ നഗരങ്ങളിൽ, വിവിധ സാഹപര്യങ്ങളിൽ തീർത്തും അപരിചിതരായ രണ്ട് പേർ കണ്ടുമുട്ടുന്നതും അവർക്കിടയിൽ നടക്കുന്ന സംഭാഷണങ്ങളും എന്ന രീതിയിൽ ഒരു മിനി സീരീസിന്റെ ഭാവനാ കല്പനം നടത്തി. ഞങ്ങളതിന്റെ സ്വപ്നത്തിൽ മയങ്ങി നടക്കുമ്പോൾ ദൂരെ നിന്നും രണ്ട് പയ്യന്മാർ ഓടിവന്ന് “ഘ്രാ……” എന്നൊച്ചയെടുത്ത് ഞങ്ങളുടെ നേർക്ക് ചാടി. കറുത്ത ജാക്കറ്റണിഞ്ഞ് വവ്വാലിനെ പോലെ തോന്നിപ്പിച്ച രണ്ടെണ്ണവും ഞങ്ങളെ കടന്നും ഓട്ടം തുടർന്നു. എന്റെ ഉള്ളൊന്ന് കിടുങ്ങി. നാസിൽ സ്തബധനായി നിൽക്കുന്നു. അരക്കുപ്പി വെള്ളം ഞാൻ ആ കിറുക്കന്മാരെ പഴിച്ച് ഒറ്റയിറക്കിന് കുടിച്ചു. എന്ത് കാര്യത്തിനാണ്? വട്ടാണോ? ആയിരിക്കും, ആവോ, അറിയില്ല. ഞങ്ങൾ വീണ്ടും നടത്തം തുടർന്നു. വൈകാതെ ഹൗറ സ്റ്റേഷനിലെത്തി. നല്ലൊരു ഫോട്ടോ സ്റ്റേഷന്റെയെടുക്കാൻ കഴിയാഞ്ഞതിൽ അല്പം നിരാശ തോന്നി. പക്ഷേ അങ്ങനെയെങ്കിൽ ഇവിടെ വന്നിട്ട് വിട്ടുപോയ കാര്യങ്ങളെയോർത്ത് വിഷമിക്കാനെ നേരം കാണൂ. ഞാൻ ആദ്യം പറഞ്ഞതു പോലെ, ഒന്നര ദിവസം കൊണ്ട് ഈ നഗരത്തിലെ ഓരോ അരിമണിയും പെറുക്കിയെടുക്കണമെന്നുള്ള വ്യാമോഹം കൊണ്ടല്ല ഞങ്ങൾ വന്നത്. പറ്റുന്ന രീതിയിൽ പ്രതീക്ഷകൾക്കപ്പുറം ദൂരം നഗരപ്രദക്ഷിണം ചെയ്തിട്ടുണ്ട്. ഓരോ കാഴ്ചയും അത്രമേൽ ഹൃദ്യമായ് മനസ്സിൽ പതിഞ്ഞിരിക്കുന്നു. ഇനി രണ്ടാമതും മൂന്നാമതും വരുമ്പോഴൊക്ക പുതുമകളാൽ വരവേൽക്കപ്പെടാൻ ഇത്തരം നിരാശകൾ ഒരു അനിവാര്യതയാണ് താനും.

ട്രെയിൻ പുറപ്പെടാൻ ഇനിയും സമയമുള്ളത് കൊണ്ട് ഞങ്ങൾ സ്റ്റേഷന്റെ മുൻഭാഗത്തെ റിട്ടൈയറിംഗ് റൂമിന്റെ കവാടത്തിൽ കാവലാളുകളെ പോലെ ഇരുവശത്തായി കാലുനിവർത്തിയിരുന്നു. ഹൊ! സ്വർഗ്ഗം. നാസിൽ കാതിൽ ഇയർഫോൺ തിരുകി പാട്ട് കേട്ടു കൊണ്ട് ചുവരിൽ തലചായ്ച്ച് ഒന്നു മയങ്ങി. ഞാൻ എന്റെ കൈവശമുണ്ടായിരുന്ന പുസ്തകത്തിലെ ഏതാനും പേജുകളിലൂടെ മയ്യഴിപ്പുഴയുടെ തീരങ്ങളിലേക്ക് ഒന്നോടിപ്പോയി തിരിച്ചുവന്നു. ട്രെയിൻ പുറപ്പെടാറായി. നാസിലിനെയുണർത്തി സ്റ്റേഷനകത്തെത്തി. ട്രെയിനും കമ്പാർട്മെന്റും ബർത്തും കണ്ടുപിടിച്ചു. മടക്കയാത്ര ഫ്ലാഗ് ഓഫ് ചെയ്യുന്ന തീവണ്ടിയുടെ ചിഹ്നം വിളി കാത്ത് തലയ്ക്കൽ ബാഗും വച്ച് കിടന്നു. പിന്നെ നാസിലിനെ നോക്കിയൊന്ന് ചിരിച്ചു. ഒരു വരവ് കൂടി വരേണ്ടി വരുമെന്ന് മനസ്സിലുറപ്പിച്ചു. ട്രെയിൻ പതിയെ നീങ്ങി തുടങ്ങി. ആരോ പാടുന്നൊരു പാട്ട് എന്റെ കാതുകളിൽ വന്നു നിറയുന്നതായി തോന്നി. ഞാൻ പതിയെ സ്വരം താഴ്ത്തി അതേറ്റുപാടി.

“റൊദ്ദുർ ർ ഷൊൺ-ഷൊൺ ഹവാ എക്ജോത് ഹൊയെ;

ജർഛെ കൊ തോ കാലെർ ദുലൊ;

അജ് ജാദൂഘൊരേ ഷൊബ് ഹിമേല് വോൾട്ടെ;

പ്രാൺ ഫിരെ പാബർ മോർഷും;

ദക് ദീലോ നിയോൺ ദക് പിയോൺ;

ർ പോസ്ടർ ശഠാ ദിയാൾ റ ഷൊബ്;

ഷൊഹോരെ ഷാജ് ഷാജ് റൊബ്;

പാംഫ്ലെറ്റ് എ നൊതുൺ കൊറെ ബേഛേ തകാർ കൊലൊറോബ് ”

അതെ, കാറ്റും വെളിച്ചവും നിങ്ങളിലെ ഇന്നലെയുടെ ഓർമ്മകളെ മായ്ച്ചു കളയും. പകരം മറ്റൊരു മായാനഗരത്തിൽ പുതിയൊരു ജന്മം നിങ്ങൾക്കായ് ജനിക്കും. ആ ജീവിതം അവിടെ നിങ്ങളെ കാത്തിരിക്കുന്നതറിയിക്കാൻ ആ നഗരത്തിലെ കാഴ്ചകളും ആരവങ്ങളും മാലാഖമാരായ് ദൂത് വരും.ട്രെയിൻ കൊൽക്കത്തയെ പിന്നിട്ട് വേഗത്തിൽ ഓടാൻ തുടങ്ങിയപ്പോൾ ഞാൻ കണ്ണുകളടച്ച് ആനന്ദനഗരിയുടെ വീഥികളിലൂടെ വീണ്ടും ഒരു വട്ടം കൂടി സ്വപ്നങ്ങളിൽ നടക്കാനിറങ്ങി.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s