യോഗം

നാട്ടിൽ കരയോഗങ്ങള്ണ്ട്
നാട്ടാര്ടെ യോഗം.
അല്ലാണ്ടെന്താ?

ഇടവേളകളിൽ കമ്മിറ്റി
കൂടണ പതിവ്ണ്ടേ.
ആളില്ലാത്തൊരു യോഗത്തിൽ,
ഉള്ളോരെല്ലാം ഐക്യത്തിൽ,

ഒരു
തീരുമാനങ്ങട്ടെട്ത്തു.
ഭഗവാന് വേണ്ടി,
ഭഗവാനറിയാണ്ട്
ഭഗവാന്റെ പേരില്.

സംഗതി
സർപ്രൈസാണ്ന്ന്.

ക്ഷേത്രം പുനരുദ്ധാരണം
ക്ഷേമം കേവല ലക്ഷ്യം,
ആർക്കാണെന്നത് സ്പഷ്ടം
ആരുടെയെന്നത് ചോദ്യം.

ഠപ്പ്ഠപ്പ്ന്ന്  കമ്മിറ്റി ഭിന്നിച്ചു
ടക്ക്ടക്ക്ന്ന്  വഴികൾ പിരിഞ്ഞു,
വീടൊന്നിന്  കൈമണിയുറച്ചു
നോട്ടീസെല്ലാം ചുവരിൽ പതിഞ്ഞു.

വീട് വീടാന്തരം കേറിയിറങ്ങി
മുന്നറിയിപ്പ് കൊടുത്ത് മടങ്ങി,
പൈനായിരം റുപ്പ്യന്നെ വേണം
പൈയ്യിനെ വിറ്റ്ട്ടാണേലും തരണം.

വലിയവനോ ചെറിയവനോയെന്നില്ല
ഭഗവാനുമില്ല, കമ്മിറ്റിക്കാർക്കും
നമ്മളൊക്കെ തുല്യരല്ലേ? അതെ
നമ്മൾ സംവരണങ്ങൾക്കുമെതിരാണ്.

കേട്ട പാതി ചില ഭക്തരൊക്ക
അന്തക്കം വിട്ടിരിക്കണ കണ്ടു,
കേൾക്കാത്ത പാതി പൂരിപ്പിച്ചവർ
പന്തം കൊളുത്തിയ പെരുച്ചാഴികൾ.

എല്ലാർക്കും ശീട്ട് പൈനായിരം
റെഡി ക്യാഷില്ലെങ്കിലും സാരല്ല്യ
ചെക്കാവാം, പോയി മാറാനാള്ണ്ട്
ഹൗ! മറന്നു. ഓൺലൈനിണ്ടല്ലോ
ജി പേ ചെയ്യാം, ഫോൺ പേയുംണ്ട്
ഹൗ! രാഷ്ട്ര പുരോഗതീടെ വേഗത.

ക്രിപ്റ്റോ പറ്റുമോ?
വിദേശി ഭക്തൻ ചോദിച്ചു
ഇന്നലെ കഴിഞ്ഞല്ലോ
സ്വദേശി ഭക്തൻ പറഞ്ഞു
വിദേശി ചിരിച്ചു
കാശു കൊടുത്തു
സ്വദേശികളും ചിറിച്ചു

(മാഞ്ചസ്റ്ററിൽ അമ്പലം
പണി കഴിഞ്ഞാൽ
നാട്ടിലെ ശാന്തിക്കൊരു
വിസ വരാനിടയുണ്ടെന്ന്
അമ്പലപ്രാക്കൾ കുറുകി
നാട്ടിലെങ്ങുമത് പാട്ടായി
ഇല്ലാ മനസ്സോടെ
ധൂർത്താടന വഴിപാടിന്
നിന്നു കൊടുത്തു, ദൈവം.)

കാശില്ലാത്തോര്ടെ കാര്യം കഷ്ടം
കാശല്ല ജീവിതാടിസ്ഥാനമെന്ന്
തമാശ പറയാൻ കൂടി കാശില്ല
ഫിലോസഫിയില്ല
കോവിഡാനന്തരം
ലോജിക്കുകളില്ല.

കുട്ട്യോൾക്ക്,
ക്ലാസ് കേൾക്കാൻ
ഫോണിണ്ടായില്ല
ഫോൺ വന്നപ്പോൾ
ഇന്റർനെറ്റില്ല
ചിലതൊക്കെ ശരിയാക്കുന്നവർ
എല്ലാം ശരിയാക്കുന്നവർക്ക്
വഴി മാറി കൊടുത്തിട്ടും
ഒന്നും ശരിയായില്ല
പട്ടിണി ഞങ്ങള് കിടന്നാലും
പിള്ളാര് പഠിക്കട്ടേന്നേ
അങ്ങനെയുള്ളപ്പോ..?
ഇങ്ങനെയുള്ളതിനൊക്കെ..?
ഇല്ല. പറ്റില്ല. ബുദ്ധിമുട്ടാണ്.

ഏതവസ്ഥയിലും പറ്റില്ലെന്ന്
മൊഴിഞ്ഞ വിമതരുണ്ട്
മ(ത)ദം പൊട്ടിയൊലിച്ചു.
മേടയിൽ വിളിച്ചു പറഞ്ഞു
നാറ്റിക്കാൻ മേടയില്ലല്ലോ.
കമ്മിറ്റിക്കാരിടഞ്ഞു
ദൈവകോപം കിട്ടൂന്നായപ്പൊ
ചിലര് ഭയന്നു. ഒന്ന് അയഞ്ഞു.
പ്രാകി പ്രാകി കുറച്ച് പേര്,
തേങ്ങി മോങ്ങി വേറെ ചിലര്,
തുട്ട് നിറഞ്ഞ സഞ്ചി നോക്കി
തെളിഞ്ഞയിളികൾ
ആഹാ! അതൊരു കാഴ്ച.

Leave a comment