മധ്യാഹ്നം
മാതാ ട്രാവൽസ്
മാണിക്യവീണയിൽ
മുഴുകി മയക്കം
സഡൻ ബ്രേക്ക്
ഇനേർഷ്യ ഞെട്ടിച്ചു
സഡൻലി മുഖമാകെ
ഈർഷ്യ കല്ലിച്ചു
കണ്ണുകൾ തിരഞ്ഞു
ചുറ്റിലും ബോർഡുകളിൽ
കടകളുടെ വിലാസം
ചുവട്ടിലെ വരികളിൽ
ക്രിസ്റ്റഫർ നഗറാണ്.
മയക്കമിറങ്ങി, പകര-
മൊരു മാതാവ് കയറി
വൃദ്ധ; ജറുസലേമിലേക്ക്
“ബസ്സവിടെ പോവില്ല്യ
ബൈപ്പാസിലിറങ്ങാം
നടക്കാം, വയ്യെങ്കില്
നടാടെച്ചാല് ഓട്ടോലും”
ടിക്കറ്റ് കീറുമ്പൊ
കണ്ടക്ടറ് കാറി.
അതല്ലിവ്ടെ പ്രശ്നം
പിന്നെന്തൂട്ടാ പ്രശ്നം?
ജപമാലേം ബൈബ്ളു-
മൊരു കൈയ്യിലൂ(ഊ)ന്നുവടി
മറുകൈയ്യിലും മുറുക്കിയ
ജരാനരകളുള്ള കിളവിക്ക്
ഇരിക്കാനൊരു സീറ്റന്ന്യ
പ്രധാനം: എഴുന്നേറ്റൊടു-
ക്കാനൊരു മനസ്സുമില്ല
പ്രേക്ഷകർക്കാർക്കും(എനിക്കും)
റിസർവ്ഡ് സീറ്റില്
രണ്ട് പ്രേതങ്ങൾ
കാലൻ പോലും മറന്ന
രണ്ട് ആന്റീക് പീസുകൾ
അമ്മയും കുഞ്ഞും മറ്റു
സ്ത്രീകളും (കുലമുള്ളവരും)
അർഹിച്ചയിടങ്ങളിൽ
സുഖമായിരിക്കുന്നു.
മിച്ചമുള്ളയിടങ്ങളിലായി
ഞാനുമെന്റെ കൂട്ടരു-
മീ ഗോളത്തിന്റെ സ്പന്ദനം
ഞങ്ങളിലെന്ന ഭാവത്തിലിരുന്നു
വഴിതെളിക്കും ഡ്രൈവർക്ക്
ഈ വഴി താല്പര്യമില്ല: നല്ലത്
പറക്കാനൊരുങ്ങും കിളി
വാതില്പടിമേലെ നിന്നു.
കണ്ടക്ടറുടെ ഇൻസ്പെക്ഷൻ
എല്ലാരും പരസ്പരം നോക്കി
നോട്ടമെന്നിലേക്ക് തിരിഞ്ഞു
ഞാനുമെന്നെ തന്നെ നോക്കി
കൈയ്യിലിരിക്കണ ബാഗ്
പ്രായത്തിന്റെ ഇളപ്പം
കൂസലില്ലായ്മയുടെ മുഖം
മുൻവിധികളുടെ പ്രഹരം
നറുക്കെനിക്ക് തന്നെ
നാട്ടുവഴക്കം, മര്യാദ..
മാനദണ്ഡങ്ങളോരോന്നു-
മടക്കംപറച്ചിലിൽ മുഴങ്ങി
ഫുൾ ചാർജ് കൊടുത്തും
കൃത്യ നേരത്ത് ഹാജര്
നിന്നും ഞാന്നേടിയ സീറ്റ്
‘എന്റെ’ സീറ്റ്, ‘എന്റെ’ സീറ്റ്.
എഴുന്നേറ്റ് കൊടുക്കാനൊട്ട്
സൗകര്യമില്ലെനിക്ക് തീർച്ച
കടന്നു വന്നതെത്രയെത്രയ –
വമാനങ്ങളതോർത്തുപോയ്
കൺസഷനോടുള്ള പുച്ഛം
ഇരിക്കരുതെന്നുള്ള ആജ്ഞ
ക്ലാസുകളിലെ മടുപ്പിന്റെ
ഭാണ്ഡമേൽക്കാൻ അവജ്ഞ
“തൂ! ഒരു കണ്ടക്ടറ്.
കാലുകുത്താനിടമില്ലാത്തിടം
കാല്പന്തു കളമാക്കുന്നവൻ.
സുന്ദരിക്കോതകൾക്ക് മുന്നി-
ലെന്ന ‘തടി’ക്കണക്കിന്
കളിയാക്കിയ കിളിക്ക്
വിസിലടിച്ച നീയെനിക്ക്
മനുഷ്യത്വമോതുന്നോ?”
മാലോകർക്കില്ലാത്ത
കുന്തമെനിക്കെന്തിന്?
പ്രഥമന്റെ പദ്ധതികളി-
ലതിന് ധനസഹാത്തിന്റെ
സാധ്യതകളുണ്ടോ?
ഇല്ലെങ്കിൽ ഉണ്ടാവട്ടെ
അന്നേരം വിഴുങ്ങാം
മാനവികതയുടെ
അപ്പവും വീഞ്ഞും
നന്മ നിറഞ്ഞ മറിയമേ
എന്നോട് വിരോധമരുതേ
നിനക്ക് സ്തുതി
സ്ത്രീകളിൽ അങ്ങ്
അനുഗ്രഹിക്കപ്പെട്ടവളാകുന്നു
എന്നിരിക്കിലും
വിരോധമിരുന്നാലും
“ഇതെന്റെ സീറ്റാണ്
ഞാനെഴുന്നേറ്റ് തരില്ല.”