ചായ സംസാരിക്കുന്ന ചൂടുള്ള
രാഷ്ട്രീയ വർത്തമാനങ്ങളുണ്ട്,
കറുപ്പിന്റെയും വെറുപ്പിന്റെയും.
തെല്ല് മതം തീണ്ടാത്തവ.
അരിപ്പയിൽ വേർപിരിഞ്ഞ തേയിലക്കൊന്നുമറിയാത്ത
ഒരുപാട് ശരിയുടെയും,
തെറ്റിന്റെയും സാക്ഷ്യങ്ങൾ.
അടിയത്രയും കൊണ്ട് പതഞ്ഞ്,
തൊഴിയത്രയും കൊണ്ട് കരഞ്ഞ്,
മൂന്നാം നാളുയർത്തെഴുന്നേറ്റ്
മുഷ്ടിയിൽ അവകാശത്തിന്റെ
സിന്ദാബാദ് മുറുകെപ്പിടിക്കുന്ന കീഴാളനും,
ആർത്തി മൂത്ത്, കൊന്നുതള്ളി
കൊള്ളയടിച്ച്, അധികാരിനടിക്കുന്ന മേലാളനും,
ചായ പറഞ്ഞ കഥകളിൽ
ഒരേ തരംഗദൈർഘ്യത്തിലുണരുന്ന
കലിജന്മത്തിലെ കണികകളാണ്.
അരിപ്പയിൽ വേർപിരിഞ്ഞ തേയിലക്കറിയില്ല,
ചായക്കോമരത്തിന്റെ രസതന്ത്രം
ഉത്പ്രേരകയാം പൊള്ളുന്ന നേർകാഴ്ചയുടേതാണെന്ന്.
പ്രേമം തുടിക്കുന്ന ചുണ്ടുകളെ കോപ്പയു
ടെ വക്കിൽ കാണുമ്പോഴെല്ലാം
ചായ മൂളുന്ന പാട്ടുകളിലനുരാഗം വിടരും.
അങ്ങിങ്ങ് പാറുന്ന ശലഭങ്ങളെല്ലാം
പാടകളിൽ താനേ വീണലിയും.
മധുരമേറുന്ന നേരങ്ങളിൽ ചായ ലഹരിയാണ്.
അതിന്റെ മത്തിലാണ് പിന്നീട് ലോകമുരുളുന്നത്.
കാല്പനികമാം ആ നിമിഷങ്ങളിൽ
ആനന്ദോന്മാദങ്ങളുടെയറ്റത്ത്
ചിലർക്ക് വിരഹം ജനിക്കുന്നു.
അപ്പോഴും പുകഞ്ഞുതീരുന്ന
കുറ്റിക്കളവുചേർന്നു കാലിയായ ചായക്കോപ്പകളിൽ ഓർമ്മയുടെ
ചുരുളുകൾ വന്നു നിറയും.
ചായയിലലിഞ്ഞ സാക്ഷ്യങ്ങളെല്ലാം
ഇനിയും കഥയും പാട്ടുമാകും
പോർവിളികളുടെയും,
സ്നേഹത്തിന്റെയും,
മാനവികതയുടെയും.